• Tue. Oct 13th, 2026

24×7 Live News

Apdin News

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

Byadmin

Oct 13, 2026


ന്യൂദൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ലൈംഗിക പീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, കോൺഗ്രസ് എംപി അങ്കോംച ബിമോൾ അക്കോയിജമിനെ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി വനിതാ എംപിമാർ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, പരാതിക്കാരായ വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും രാഷ്‌ട്രപതിയോട് അഭ്യർഥിച്ചതായി ബിജെപി മഹിളാ മോർച്ച അധ്യക്ഷ രൂപ കുമാരി ചൗധരി അറിയിച്ചു.

ബിജെപി എംപി ഡി. പുരന്ദേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രൂപ കുമാരി ചൗധരി, ഡൽഹി എംപി ബൻസുരി സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു. എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി മഹിളാ മോർച്ച ദൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിലും ഹിമാചൽ പ്രദേശിലെ വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് രാഷ്‌ട്രപതിയെ കണ്ടത്. തിങ്കളാഴ്ച ദൽഹിയിൽ നടന്ന പ്രതിഷേധത്തിൽ കേന്ദ്ര വനിതാ-ശിശുവികസന മന്ത്രി അന്നപൂർണ ദേവിയും ബിജെപിയുടെ വനിതാ എംപിമാരും പ്രവർത്തകരും പങ്കെടുത്തിരുന്നു.

ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപിയായ അക്കോയിജം ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന് കീഴിലുള്ള സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ പ്രൊഫസറായിരുന്നു. തനിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച സർവകലാശാല അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

2026 മേയിൽ കുറഞ്ഞത് 11 വിദ്യാർഥിനികൾ അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന പരാതികൾ നൽകിയെന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചകളുടെയോ ഒത്തുചേരലുകളുടെയോ പേരിൽ വിദ്യാർഥികളെ കാമ്പസിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ച് ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നതാണ് പരാതികളിലെ പ്രധാന ആരോപണം. ക്ലാസുകൾക്കിടെ അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയെന്നും ചില വിദ്യാർഥികൾ ആരോപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അക്കോയിജമിനെതിരെ ലൈംഗിക പീഡനവും സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ദൽഹി പോലീസ് കഴിഞ്ഞ ആഴ്ച കേസെടുത്തിരുന്നു. ഒക്ടോബർ 11-ന് ജെഎൻയു ചീഫ് സെക്യൂരിറ്റി ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച അറിയിച്ചു.

ദൽഹിയിലെ വസന്ത് കുഞ്ച് നോർത്ത് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) 75, 75(1)(i), 75(1)(iv), 79 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലൈംഗിക പീഡനവും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റവും സംബന്ധിച്ച കുറ്റങ്ങളാണ് ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്.



By admin