• Tue. Mar 24th, 2026

24×7 Live News

Apdin News

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

Byadmin

Mar 24, 2026


പത്തനാപുരത്തിനും തല ഉയര്‍ത്തി നില്‍ക്കണം. അതിന് അന്തസ്സുള്ള ജനപ്രതിനിധി വേണം. പത്തനാപുരത്തുകാരെ എച്ചിലുനക്കികളെന്ന് അധിക്ഷേപിക്കുന്ന, കേരളത്തിന് മുന്നില്‍ നാടിനെ നാണം കെടുത്തിയ മാടമ്പി രാഷ്‌ട്രീയത്തിന് മറുപടി പറയണം…. രാജ്യം കാക്കാന്‍ യുവത്വം നല്കിയ ഡോ. അനില്‍ പിള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുമ്പോള്‍ നാടിന്റെ പ്രതീക്ഷകള്‍ക്ക് പൂക്കാലമാവുകയാണ്.

വ്യോമസേനയില്‍ ഗ്രൗണ്ട് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ സൈനികന്‍, കോര്‍പ്പറേറ്റ് രംഗത്ത് ഉറച്ച നേതൃപാടവം. സൗമ്യം, സൗഹൃദം… ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായാണ് ദേശീയ ജനാധിപത്യസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി അനില്‍ എത്തുന്നത്. സാധാരണ കര്‍ഷകകുടുംബത്തിലാണ് അനില്‍ പിള്ളയുടെ ജനനം. പഠനത്തില്‍ മിടുക്കനായിരുന്നു. നേടിയ ബിരുദങ്ങള്‍ അനവധി. എംബിഎയും എംഎസ്ഡബ്ല്യുവും എല്‍എല്‍ബിയുമൊക്കെ ആ മികവിന്റെ അടയാളങ്ങള്‍.

സൈനികസേവനത്തിന് ശേഷം കോര്‍പ്പറേറ്റ് മേഖലയില്‍ ശ്രദ്ധേയനായി. ടെക്‌നോക്രാറ്റ്, മാനേജ്മെന്റ് വിദഗ്ധന്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മെന്റ് ഗവേഷകന്‍, കോളമിസ്റ്റ് അനിലിന് ഇണങ്ങാത്ത വേഷങ്ങളില്ല. മാനുഷികമുഖമുള്ള സേവനങ്ങളാണ് അനിലിനെ ജെന്റില്‍മാന്‍ സോള്‍ജിയര്‍ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്. ജനങ്ങള്‍ക്കിടയിലാണ് അനില്‍ എപ്പോഴും. ലാളിത്യവും വിനയവുമാണ് കൈമുതല്‍.

നാഷണല്‍ എക്സ്-സര്‍വീസ്‌മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ദേശീയ വൈസ് ചെയര്‍മാനാണ് അനില്‍ പിള്ള. മോട്ടിവേഷന്‍ കോച്ച്, കരിയര്‍ കൗണ്‍സിലര്‍, വിവരാവകാശ പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്… എന്നും എപ്പോഴും ജനകീയപ്രവര്‍ത്തനങ്ങളില്‍ സജീവം. പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയാണ് ദൗത്യം. മാടമ്പി രാഷ്‌ട്രീയത്തിന് അവസാനം കുറിക്കണം. കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടത്-വലത് മുന്നണികളുടെ രാഷ്‌ട്രീയ ആധിപത്യം കാരണം മുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ നിരവധി ക്ഷേമ-വികസന പദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കണം. ചെയ്യാന്‍ നിരവധിയുണ്ട്. ഒരു വ്യക്തിക്കോ കുടുംബത്തിനോ പതിറ്റാണ്ടുകളോളം ഒരു മണ്ഡലം തീറെഴുതിയത് മൂലം നഷ്ടമായ ജനാധിപത്യത്തിന്റെ ആത്മാവിനെ വീണ്ടെടുക്കുക എന്നത് സൈനികനെന്ന നിലയില്‍ സ്വന്തം കടമയാണെന്ന് അനില്‍ കരുതുന്നു.

വികസന രാഷ്‌ട്രീയത്തെ മുന്‍നിര്‍ത്തി കഴിവും മികവുമുള്ള നേതാക്കളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന വികസന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് അനിലിന്റെ രാഷ്‌ട്രീയ ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെയും സ്ത്രീകളുടെയും യുവജനങ്ങളുടെയും ശാക്തീകരണം, സംരംഭകത്വ വികസനം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തല്‍, എന്‍ആര്‍ഐ പുനരധിവാസ പദ്ധതികള്‍, വയോജന-അനാഥ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, തീര്‍ത്ഥാടനവും ഇക്കോ ടൂറിസവും വികസിപ്പിക്കല്‍… പത്തനാപുരം വികസനത്തിന്റെ അധ്യായം തുറക്കണം. അതിന് എന്‍ഡിഎ വരണം, അനില്‍ ജയിക്കണം.



By admin