കൊച്ചി: സംസ്ഥാനത്തെ ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഏജന്‌റുമാരെയും നിരീക്ഷിക്കാന്‍ വിജിലന്‍സ്. ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങി നല്‍കാന്‍ ഏജന്‌റുമാരാണ് കൂടുതല്‍ ഉല്‍സാഹം കാട്ടുന്നതെന്ന് വിജിലന്‍സ് കരുതുന്നു. ഇതിനു തടയിടുകയാണ് ലക്ഷ്യം.
റൂട്ട് പെര്‍മിറ്റ് അനുവദിക്കാന്‍ മദ്യവും പണവും കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒയ്‌ക്ക് ആവശ്യമായ ഒത്താശ ചെയ്തത് രണ്ട് ഏജന്‌റുമാരായിരുന്നു. രാമപടിയാര്‍, സജി എന്നീ ഏജന്‌റുമാര്‍ ഇതുമായി ബന്ധപ്പെട്ട് ആര്‍ടിഒ ജേഴ്‌സണ് ഒപ്പം അറസ്റ്റിലാവുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ എല്ലാ ആര്‍ടി ഓഫീസുകളും കേന്ദ്രീകരിച്ച് ഇത്തരം ഇടനിലക്കാരുണ്ട്. ആര്‍ടി ഓഫീസിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയിട്ടും ഇവരുടെ ഇടപെടലുകള്‍ കുറഞ്ഞില്ല. ഡ്രെവിംഗ് ലൈസന്‍സ് പുതുക്കി നല്‍കുന്നതുപോലുള്ള ഇടപെടലുകളേക്കാള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലി സമാഹരിച്ച് എത്തിക്കുകയാണ് ഇവരുടെ ജോലി. കൈക്കൂലിപ്പണത്തിന്‌റെയും ഇരുപതു ശതമാനത്തോളം വിഹിതം ഏജന്‌റുമാര്‍ക്കുള്ളതാണ്. പല സേവനങ്ങള്‍ക്കുമായി ആര്‍ടി ഓഫീസുകളില്‍ നേരിട്ടു ചെന്നാല്‍ പൊലീസ് സ്‌റ്റേഷനുകളിലെപ്പോലെ പൊതുജനങ്ങളെ വിരട്ടുന്ന വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുണ്ട്. ഇത് ഒരു തന്ത്രമാണ്. ഒരിക്കല്‍ ഇത്തരമൊരു അനുഭവമുണ്ടായാല്‍ പിന്നീടൊരിക്കലും നേരിട്ട് ഒരു കാര്യത്തിനും പൊതുജനങ്ങള്‍ ആര്‍ടിഓഫീസില്‍ കയറിച്ചെല്ലില്ല. ഏജന്‌റുമാര്‍ വഴി മാത്രമേ സമീപിക്കൂ.
ആര്‍ടി ഓഫീസിലെ ഇടനിലക്കാരെ ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി പലവട്ടം പറഞ്ഞെങ്കിലും ഇനിയും നടപ്പായിട്ടില്ല.