ന്യൂദെൽഹി:ഉത്തർപ്രദേശിലെ ജൈനരുടെ മതപരമായ ചടങ്ങിന്റെ വേദി തകർന്നുവീണു ആറു പേർ മരിച്ചു. 50ലേറെ പേർക്ക് പരിക്കേറ്റു. ബാഗ്പതിൽ ജൈനമതത്തിന്റെ ആചാര്യൻ ആയിരുന്ന ഭഗവാൻ ആദിനാഥിന്റെ നിർവ്വാൺ ലഡു പർവിന് എത്തിയ ഭക്തരാണ് മുളകൊണ്ട് നിർമ്മിച്ച വേദിയിലേക്ക് കയറുന്നതിനിടയിൽ വേദി തകർന്നുവീണ് അപകടത്തിൽപ്പെട്ടത്. ബാഗപത് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അസ്മിതാ ലാൽ പറയുന്നതനനുസരിച്ച് ഇതുവരെ 6 മരണങ്ങൾ സ്ഥിരീകരിച്ചതായും 50ലേറെ പേർക്ക് പരിക്കേറ്റതായുമാണ് വിവരം. പരിക്കേറ്റവരെ ബറാത്ത് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നതായും ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അസ്മിത ലാൽ അറിയിച്ചു. പ്രദേശവാസികളും പെട്ടെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പെട്ടെന്ന് പുറത്തെടുത്ത് ആശുപത്രികളിൽ എത്തിച്ചതായും ദൃക്സാക്ഷിയായ രാജൻ ജയിൻ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം 75 അടി ഉയരത്തിലുള്ള മുള സ്ലാബുകൾ കൊണ്ട് നിർമ്മിച്ച വേദിയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. വേദി തകർന്നതിനെ തുടർന്നാണ് ഇത് സംഭവിച്ചത്. അപകടം നടന്നയുടനെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാലുപേരുടെ നില ഗുരുതരമാണെന്ന് എസ്പി അർപ്പിത് വിജയവർഗീയ സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 6 പോലീസുകാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അപകടമറിഞ്ഞയുടനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവസ്ഥലത്ത് എത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.