യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ചതില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. മോഹന്‍ലാലിന്റെ 2025ല്‍ പുറത്തിറങ്ങിയ തുടരും സിനിമയിലെ കഥാപാത്രങ്ങളെ ഉപമിച്ചായിരുന്നു അലോഷ്യസ് സേവ്യറിന്റെ വിമര്‍ശനം.
‘ജോര്‍ജ് സാറിന്റെ പണി കേരള പൊലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും’- അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം തൃശൂര്‍ കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ നടന്ന പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.
ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. തുടര്‍ന്നാണ് സുജിത്തിനെ പൊലീസ് ജീപ്പില്‍ സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയും പിന്നീട് മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് സുജിത്തിനെ മര്‍ദ്ദിക്കുകയുമായിരുന്നു. സ്‌റ്റേഷനില്‍ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.
സംഭവത്തില്‍ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. തുടര്‍ന്ന് വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.