ജോലിസ്ഥലത്തെ ഇഷ്ടപ്പെടാത്ത ഏതു പെരുമാറ്റവും ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈകോടതി. തൊഴിലിടത്ത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാനുള്ള (PoSH) നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന പെരുമാറ്റങ്ങള്‍ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.
എച്ച്.സി.എല്‍ ടെക്നോളജീസിന്റെ സര്‍വിസ് ഡെലിവറി മാനേജരായിരുന്ന പാര്‍ത്ഥസാരഥിക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയിന്മേല്‍ ആരംഭിച്ച നടപടി പ്രിന്‍സിപ്പല്‍ ലേബര്‍ കോടതി അസാധുവാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കുന്നതിനിടെയാണ് ഹൈകോടതിയുടെ നിരീക്ഷണം.
പാര്‍ത്ഥസാരഥി തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായി ഒരു ജീവനക്കാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ തന്റെ ശാരീരിക അളവുകളെക്കുറിച്ച് ചോദിച്ചതായി മറ്റൊരു ജീവനക്കാരിയും പരാതിപ്പെട്ടു. ആര്‍ത്തവചക്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മൂന്നാമത്തെ ജീവനക്കാരിയോട് ഇയാള്‍ ചോദിച്ചത്.
എന്നാല്‍ തന്റെ ജോലിയുടെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചതെന്ന് ഇയാള്‍ വാദിച്ചിരുന്നു. പരാതികള്‍ പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ കമ്പനി നടപടിയെടുക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തേക്ക് ശമ്പള വര്‍ധനയും അനുബന്ധ ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനും മേല്‍നോട്ടമില്ലാത്ത റോളില്‍ അദ്ദേഹത്തെ നിയമിക്കാനും ഐ.സി.സി ശുപാര്‍ശ ചെയ്തു. എന്നാല്‍ ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ലേബര്‍ കോടതി ഈ ശിപാര്‍ശകള്‍ റദ്ദാക്കുകയായിരുന്നു.
തുടര്‍ന്നാണ് വിഷയം ഹൈകോടതിയില്‍ എത്തുകയായിരുന്നു. ഹൈകോടതി ലേബര്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കി.