• Thu. Mar 19th, 2026

24×7 Live News

Apdin News

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Byadmin

Mar 19, 2026


ബിജെപിയും എന്‍ഡിഎയും ഏറ്റവുമധികം പ്രതീക്ഷവെക്കുന്ന മണ്ഡലമാണ് പാലാ. അവിടെ ഇത്തവണ എന്‍ഡിഎ ഇറക്കുന്നത് ബിജെപി വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെയാണ്. പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളെക്കുറിച്ചും ഷോണ്‍ ജോര്‍ജ് മനസ് തുറക്കുന്നു.

പാലായില്‍ എന്‍ഡിഎ വിജയിക്കും
പാലായുടെ ചരിത്രത്തില്‍ എന്‍ഡിഎയ്‌ക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്നത് 2016നാണ്, 24,000ലേറെ. അത് സംഘടനാതലത്തില്‍ നിന്ന് മാത്രമായി ലഭിച്ചതാണ്. പിന്നീട് 10 വര്‍ഷമായിരിക്കുന്നു. ഇക്കാലയളവില്‍ പാലായില്‍ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം മോദി തരംഗമുണ്ടായിട്ടുണ്ട്. വര്‍ഗീയ കക്ഷിയല്ല ബിജെപി, വികസനത്തിന്റെ രാഷ്‌ട്രീയമാണ് ബിജെപിയുടേതെന്ന് ജനം തിരിച്ചറിഞ്ഞു. മോദിയുടെ വികസന കാഴ്ചപ്പാടിനോടും ദേശീയ കാഴ്ചപ്പാടിനോടും പാലാക്കാര്‍ക്ക് വലിയ ആഭിമുഖ്യമുണ്ടെന്ന് നേരിട്ട് മനസിലാക്കാന്‍ സാധിച്ചു. ഉദാഹരണത്തിന് ഒരു ബൂത്ത് യോഗത്തില്‍ പങ്കെടുത്ത് അവിടെ കൂടിയ പ്രവര്‍ത്തകരോട് ഞാന്‍ ഒരു ചോദ്യം ഉന്നയിച്ചു. 2016ല്‍ ബിജെപിക്ക് വോട്ട് ചെയ്തവര്‍ ആരൊക്കെ എന്നായിരുന്നു ചോദ്യം അവിടെ കൂടിയ 40 ശതമാനം പേര്‍ മാത്രമായിരുന്നു അന്ന് ബിജെപിക്ക് വോട്ട് ചെയ്തത്. ബാക്കിയുള്ള 60 ശതമാനം പേരും ഇത്തവണ എന്‍ഡിഎയ്‌ക്ക് വോട്ട് ചെയ്യാനിരിക്കുകയാണ്. ഇതാണ് മാറ്റം. അതുകൊണ്ടുതന്നെ മികച്ച ഭൂരിപക്ഷത്തില്‍ എന്‍ഡിഎ പാലായില്‍ ജയിക്കും.

പാലായില്‍ സഭയുടെ നിലപാട്
മുനമ്പം വിഷയമായിക്കോട്ടെ, പാലായിലെ പ്രിയപ്പെട്ട കല്ലറങ്ങാട്ട് പിതാവിനെതിരേ എസ്ഡിപിഐ നടത്തിയ കൊലവിളി പ്രസംഗമായിക്കോട്ടെ, പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് പ്രശ്‌നമായിക്കോട്ടെ ഛത്തിസ്ഗഡിലെ കന്യാസ്ത്രീ വിഷയമായിക്കോട്ടെ അവിടെയൊക്കെ ഇടപെട്ടത് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയിലാണ്. പള്ളുരുത്തി സ്‌കൂള്‍ ഒറ്റദിവസം കൊണ്ട് എനിക്ക് തുറപ്പിക്കാന്‍ സാധിച്ചു. അത് എന്റെ മിടുക്കുകൊണ്ടല്ല, അവിടെ ഇനി എസ്ഡിപിഐയുടേയോ മറ്റ് തീവ്ര ഇസ്ലാമിക സംഘടനകളുടെയോ അതിക്രമം ഉണ്ടായാല്‍ ബിജെപി ഇടപെടുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതുപോലെയുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടാന്‍ ഞാനും ബിജെപിയുമുണ്ടെന്ന് സഭയ്‌ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ക്രിയാത്മകവും സത്യസന്ധവുമായി ഇടപെട്ടത് ബിജെപി മാത്രമാണെന്ന് സഭയ്‌ക്ക് മനസിലായിട്ടുണ്ട്. എല്ലാക്കാലത്തും ബിജെപി സഭയ്‌ക്കൊപ്പമാണ്. അവരുടെ ആശങ്കകളൊക്കെ അകന്നു. സഭ ഇതുവരെ പ്രത്യക്ഷത്തില്‍ ആരെയും പിന്തുണച്ചിട്ടില്ല. ഇനിയും ഉണ്ടാകില്ല. അതേസമയം എല്ലാ പിതാക്കന്മാരെയും ഞാന്‍ പോയി കണ്ടു. അവരൊക്കെ എന്നെ അനുഗ്രഹിച്ചു. എനിക്ക് മുന്നേറാന്‍ അതു മതി.

പാലായുടെ പ്രശ്‌നങ്ങള്‍
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പാലാ എത്രയോ പിന്നിലാണ്. വലിയ വികസനമുണ്ടെന്ന് കൊട്ടിഘോഷിക്കുന്ന ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെയായിട്ട് കാലങ്ങളെത്രയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും സ്തംഭനാവസ്ഥയില്‍. റിവര്‍വ്യൂ റോഡ് ഇപ്പോഴും അസ്ഥിപഞ്ജരമായിത്തന്നെ നിലനില്‍ക്കുന്നു. പാലായില്‍ നിന്ന് നൂറ് കണക്കിനാളുകളാണ് ദിനം തോറും എറണാകുളത്തിന് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോകുന്നത്. എന്നാല്‍, വീതിയില്ലാത്ത റോഡുകളിലൂടെ എറണാകുളത്തെത്തുമ്പോള്‍ സമയമെത്രയാണ് നഷ്ടപ്പെടുന്നത്. കാര്‍ഷികമേഖല അമ്പേ തകര്‍ന്നില്ലേ? റബറിന് 250 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരെ പിന്തുണയ്‌ക്കുന്ന കേരള കോണ്‍ഗ്രസിന് എന്തു ചെയ്യാന്‍ സാധിച്ചു. അങ്ങനെ പാലാ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അവയ്‌ക്കൊക്കെ പരിഹാരം കണ്ടെത്തണം. പാലായ്‌ക്കുവേണ്ടിയുള്ള എന്റെ പ്രകടനപത്രിക ഉടന്‍ പുറത്തിറങ്ങും. സഹായം ചോദിച്ച് എന്റെ അടുത്തെത്തുന്ന ആരെയും ഞാന്‍ നിരാശപ്പെടുത്തില്ല.

ജോസ് കെ. മാണിയുടെ സ്ഥാനാര്‍ത്ഥിത്വം
എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശരിക്കും ഇപ്പോള്‍ ത്രിശങ്കുവിലാണ്. യുഡിഎഫിലേക്ക് ചാടാനുള്ള ശ്രമം സ്വന്തം പാര്‍ട്ടി നേതാവ് റോഷി അഗസ്റ്റിന്‍ തന്നെ പൊളിച്ചു. ജോസ് യുഡിഎഫിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചു എന്നത് ലീഗ് അടക്കമുള്ള യുഡിഎഫ് സഖ്യ കക്ഷികള്‍ക്ക് നന്നായി അറിയാം. എല്‍ഡിഎഫ് ഒരിക്കലും ഇനി അധികാരത്തിലെത്തില്ലെന്ന് മനസിലാക്കിയാണ് ജോസ് നീക്കത്തിന് ശ്രമിച്ചത്. അങ്ങനെ ഇഷ്ടമില്ലാത്ത ഒരിടത്ത് നിന്ന് എങ്ങനെ ഒരാള്‍ക്ക് മത്സരിക്കാനാകും. ഇനി എന്ത് വിശ്വസിച്ച് ജോസ് കെ. മാണിക്ക് ഇടതുപക്ഷക്കാര്‍ വോട്ടുചെയ്യും. മാത്രമോ പാലാക്കാര്‍ ജോസിനെ എങ്ങനെ വിശ്വസിക്കും. ഇനി എന്താകും ജോസിന്റെ നിലപാട് എന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. അവര്‍ നേരിട്ട ഒരു പ്രശ്‌നത്തിനും ജോസ് കൂടെ നിന്നില്ല എന്ന വികാരവും പാലാക്കാര്‍ക്കുണ്ട്.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഉയരുന്ന കാപ്പന്‍
പാലായിലെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് മാണി സി. കാപ്പന്‍. അപ്പോഴേക്കും എവിടെ നിന്നെങ്കിലും കുറെ ആളുകളെക്കൂട്ടി പ്രചരണത്തിനിറങ്ങും. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. ജോസ് കെ. മാണിയോടുള്ള പാലാക്കാരുടെ വിരോധംകൊണ്ട് മാത്രമാണ് കാപ്പന്‍ ജയിക്കുന്നത്. എന്നാല്‍, ഇത്തവണ മൂന്നാമതൊരു ചോയ്‌സ് കൂടി അവരുടെ മനസിലുണ്ട്. അവര്‍ക്ക് സ്വീകാര്യനായ, അവര്‍ക്കൊപ്പം നില്‍ക്കുമെന്നു കരുതുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് ഇപ്പോള്‍.

ക്ഷേത്രീയ സംഘടനകളുടെ പിന്തുണ
എന്നെക്കാള്‍ എന്റെ വിജയത്തിനുവേണ്ടി ജോലി ചെയ്യുന്നത് വിവിധ ക്ഷേത്രീയ സംഘടനകളാണ്. എത്ര മികവോടും ചിട്ടയോടും കൂടിയാണ് പരിവാര്‍ സംഘടനകളില്‍പ്പെട്ടവര്‍ പ്രവര്‍ത്തിക്കുന്നത്. വീടുവീടാന്തരം കയറി അവര്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു. വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തരുന്നു. അത്രത്തോളം വലിയൊരു കൂട്ടായ്‌മ പാലായിലുണ്ട്. അത് നമ്മെ വിജയത്തിലെത്തിക്കും.

കേരളത്തില്‍ ബിജെപിയുടെ പ്രകടനം
86 മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയിക്കാനുള്ള അടിത്തറയുണ്ട്. അതായത് അവിടെയൊക്കെ 15000ലധികം പ്രവര്‍ത്തകരുണ്ടെന്ന് അര്‍ത്ഥം. അവര്‍ ഒന്നിച്ച് പ്രചരണത്തിനിറങ്ങിയാല്‍ ഈ മണ്ഡലങ്ങളുടെ ചിത്രം മാറും. അതുകൊണ്ട് നിസംശയം പറയാം എന്‍ഡിഎയ്‌ക്ക് വലിയ ഒരു വിജയമുണ്ടാകും. ഇപ്പോള്‍ 42 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എല്ലാവരും ഒന്നിനൊന്ന് മിടുക്കര്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ച് കൊണ്ടുപോകുന്ന ഒരു സംസ്ഥാന പ്രസിഡന്റാണുള്ളത്. 20 മണിക്കൂറോളം ജോലിയെടുക്കുന്നയാളാണ് രാജീവ് ചന്ദ്രശേഖര്‍. അതുമാത്രമല്ല, നമ്മളെക്കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്യും. ഓരോ കാര്യങ്ങളിലും കൃത്യമായി ഇടപെടുന്നു. അതിന്റെ ഫോളോ അപ്പുകള്‍ തേടിക്കൊണ്ടിരിക്കും. ഇങ്ങനെ സദാ എനര്‍ജറ്റിക്കായ പ്രസിഡന്റ് ഈ പാര്‍ട്ടിയെ വലിയ വിജയത്തിലെത്തിക്കും, സംശയമില്ല.



By admin