• Mon. Oct 14th, 2024

24×7 Live News

Apdin News

ജ്യോതിഷവും ജീവിതസരണിയും

Byadmin

Oct 14, 2024



പ്രാചീനഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് ജോതിഷം. ക്രിസ്തുവിന് 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബിലോണിയയില്‍ ജ്യോതി ശാസ്ത്രജ്ഞന്മാര്‍ ഉണ്ടായിരുന്നതായി ചരിത്രം ഉത്‌ഘോഷിക്കുന്നു. എന്നാല്‍ ഭാരതത്തില്‍ അതിനും എത്രയോ മുന്‍പുതന്നെ ജോതിശാസ്ത്രം വികസിച്ചു കഴിഞ്ഞിരുന്നു. പുരാതന ഗ്രന്ഥങ്ങളായ സൂര്യ സിദ്ധാന്തം, വേദാംഗ ജോതിഷം എന്നിവക്ക് ഏതാണ്ട് 8000 വര്‍ഷങ്ങള്‍ക്കു മേല്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ജോതിഷം ഏറ്റവും ശ്രേഷ്ഠവും വേദത്തിലെ ഗഹനവുമായ ശാസ്ത്രങ്ങളില്‍ ഒന്നാണ്. വേദത്തിന്റെ കണ്ണാണ് ജോതിഷം എന്ന് ദൈവജ്ഞന്മാര്‍ പ്രസ്താവിക്കുന്നു. വേദങ്ങളിലെ ആറ് അംഗങ്ങളില്‍ ഒന്നാണ് ജോതിഷം. മറ്റു പലവിധ ജ്യോതിഷശാഖകള്‍ പലേടുത്തും നിലവിലുണ്ടെങ്കിലും വേദാംഗ ജോതിഷം തന്നെയാണ് ഇന്ന് ഏറെ പ്രചാരത്തി ലുള്ളത്. ഇന്നത്തെ അവസ്ഥയില്‍ നമ്മുടെ ജീവിതത്തില്‍ ജ്യോതിഷം എങ്ങിനെ സ്വാധീനിക്കുന്നു എന്ന് വേദാംഗ ജോതിഷത്തിലൂടെ കണ്ണോടിച്ചു മനസിലാക്കാന്‍ ശ്രമിക്കാം.

ജ്യോതിഷത്തെ പ്രധാനമായും മൂന്നു ശാഖകളായി തിരിച്ചിരിക്കുന്നു അവ 1. ഹോര, 2. സിദ്ധാന്തം, 3. സംഹിത.

ഹോരയെ വീണ്ടും ജാതകം, പ്രശ്നം, മുഹൂര്‍ത്തം, നിമിത്തം എന്നിങ്ങനെ നാല് ഉപശാഖകളായി തിരിച്ചിരിക്കുന്നു. ഇവ പരിശോധിക്കുകയാണെങ്കില്‍, ജാതകം ഒരു കുട്ടിയുടെ ജനനസമയമോ, അല്ലെങ്കില്‍ ഒരു കര്‍മ്മം ആരംഭിക്കുന്ന സമയമോ കണക്കിലെടുത്ത് ഗ്രഹങ്ങളുടെ സ്ഥിതി, സ്ഥാനം മുതലായവയുമായി ബന്ധിപ്പിച്ചു ശുഭാശുഭങ്ങളെ പ്രവചിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ പ്രശ്‌നം ജാതകത്തോട് സാമ്യമുള്ള രീതി ആണെങ്കിലും ഒരു വ്യക്തി ഒരു ചോദ്യം ഉന്നയിക്കുന്ന സമയത്തെ ആസ്പദമാക്കി പറയുന്ന പ്രവചനമാണ്. മുഹൂര്‍ത്തം ഏതൊരു സംരംഭവും നല്ല കാര്യവും ആരംഭിക്കുവാനുള്ള ഏറ്റവും നല്ല സമയം നിര്‍ണ്ണയിക്കുന്ന രീതിയാണ്. നിമിത്തം ഒരു പ്രത്യേക സമയത്തുണ്ടാകുന്ന ശകുനങ്ങള്‍, ലക്ഷണങ്ങള്‍ എന്നിവയെ ആധാരമാക്കി നടത്തുന്ന പ്രവചനമാണ്. ജ്യോതിഷത്തക്കുറിച്ച് പറയുമ്പോള്‍ പഞ്ചാംഗത്തെയും സ്പര്‍ശിക്കാതെ തരമില്ല. പഞ്ചാംഗം കാലത്തെ സൂചിപ്പിക്കുന്ന ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നീ അഞ്ചു മാനങ്ങളാണ്. ഇത്തരം ജ്യോതിഷ സംബന്ധിയായ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ പലവിവരങ്ങളും ഉള്‍കൊള്ളുന്ന പലവിധത്തിലുള്ള പഞ്ചാംഗ പുസ്തകങ്ങളും ഇന്നു കേരളത്തില്‍ സുലഭമാണ്.

ജ്യോതിഷത്തില്‍ സമയത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു അണുകങ്ങള്‍ പോലും ഒരുപോലെയാണെന്ന് പറയാനാവില്ല, ഓരോന്നും വ്യത്യസ്തമാണ്. സമയത്തിന്റെ ഓരോ അണുവും ഈ ഭൂമിയിലെ ജീവജാലങ്ങളില്‍ പലതരത്തില്‍ പ്രസരിക്കുന്നു. കാലചക്രത്തെ ആധാരമാക്കിയാണ് ഗ്രഹങ്ങള്‍ സ്ഥിതി ചെയ്യുന്നതും അവ ജീവരാശികളില്‍ സ്വാധീനം ചെലുത്തുന്നതും. ബ്രഹ്മാണ്ഡത്തില്‍ കാണുന്ന സകല സ്ഥാവരങ്ങളെയും ജനിപ്പിക്കുന്നതും നശിപ്പിക്കുന്നതും കാലമാണ്.

എല്ലാ ദിവസവുമുള്ള നക്ഷത്രഗോളത്തിന്റെ പരിക്രമണം ഒരു നക്ഷത്ര ദിവസമാണ്. ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള 60 നാഴിക സമയം ഒരു സാവന ദിനം. ഇപ്രകാരം 360 സാവന ദിനങ്ങള്‍ കൂടിയത് ഒരു സാവന വര്‍ഷം. 365.1/4 ദിവസം ഒരു സൗരവര്‍ഷം. സമയം കണക്കാനുള്ള ചില പ്രധാന ഘടകങ്ങള്‍ ഇപ്രകാരമാണ്

1 വിനാഴിക = 24 സെക്കന്‍ഡ്്
2.5 വിനാഴിക = 1 മിനിറ്റ്
60 വിനാഴിക = 1 നാഴിക =24 മിനിറ്റ്
2.5 നാഴിക = 1 മണിക്കൂര്‍
60 നാഴിക = 1 ദിവസം
7 ദിവസം = 1 ആഴ്ച
15 ദിവസം = 1 പക്ഷം
2 പക്ഷം = 1 മാസം
2 മാസം = 1 ഋതു
6 മാസം = 1 അയനം
2 അയനം = 1 വര്‍ഷം
12 മാസം = 1 വര്‍ഷം
ഇങ്ങനെ പോകുന്നു സമയക്രമം.

അജ്ഞാതമായ ഭാവിയെ അഭിമുഖീകരിക്കുന്ന മനുഷ്യന് അവന്റെ ജീവിതയാത്ര സുഗമവും സമാധാനപൂര്‍ണ്ണവുമാക്കി തീര്‍ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയുവാന്‍ വേണ്ടിയുള്ളതാണ് ജ്യോതിശാസ്ത്രം. ജീവിതത്തിലെ സുഖദുഃഖാനുഭവങ്ങളുടെയും ജയപരാജയങ്ങളുടെയും അടിസ്ഥാനകാരണങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ജോതിഷം നല്‍കുന്നു ജ്യോതിശാസ്ത്രത്തിന്റെ വേരുകള്‍ പൂര്‍വ്വജന്മ സുകൃതങ്ങളായ പുണ്യ പാപങ്ങള്‍, പുനര്‍ജ്ജന്മം എന്നിങ്ങനെയുള്ള വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. ഏതൊരു ജീവജാലവും അനുഭവിക്കുന്നത് സ്വന്തം കര്‍മ്മഫലമാണ്. അത് ഈ ജന്മത്തിലോ ഏതെങ്കിലും പൂര്‍വ്വജന്മത്തിലെയോ കര്‍മ്മം ആകാം. പൂര്‍വ്വജന്മത്തിലെ കര്‍മ്മങ്ങള്‍ അറിയാന്‍ ജാതകം സഹായിക്കുന്നു. മുന്‍ ജന്മത്തില്‍ ചെയ്ത ദുഷ്‌കര്‍മ്മത്തിന്റെ ശിക്ഷ ഒരു പക്ഷേ ഈ ജന്മത്തില്‍ അനുഭവിക്കാന്‍ യോഗമുണ്ടാകും. ജ്യോതിഷത്തിന്റെ സഹായത്താല്‍ നമുക്ക് അവ മുന്‍കൂട്ടി അറിഞ്ഞ് പ്രതിവിധി ചെയ്യാന്‍ കഴിയും.

(തപസ്യ ആലുവ യൂണിറ്റ് അദ്ധ്യക്ഷനാണ് ലേഖകന്‍)

By admin