• Wed. Jan 7th, 2026

24×7 Live News

Apdin News

ഞാൻ നിരപരാധിയാണ്: യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ച് മഡുറോ

Byadmin

Jan 6, 2026



ന്യൂയോർക്ക്∙ യുഎസ് സൈന്യം  പിടികൂടിയ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി.

താൻ നിരപരാധിയാണെന്ന് കോടതിയിൽ വ്യക്തമാക്കി  വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ നാർക്കോ-ടെററിസം ഉൾപ്പെടെയുള്ള ഒന്നിലധികം കുറ്റങ്ങളിൽ കുറ്റക്കാരനല്ലെന്ന് അദ്ദേഹം വാദിച്ചു. മയക്കുമരുന്ന് കടത്ത് കുറ്റത്തിന് യുഎസ് കോടതിയിൽ ഹാജരായപ്പോഴാണ് മഡുറോയുടെ പ്രതികരണം. ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും മന്ത്രിമാരും ചേർന്ന് പ്രവർത്തിച്ചതായാണ് കുറ്റപത്രം.

“ഞാൻ മാന്യനായ ഒരു മനുഷ്യനാണ്, എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്” എന്നാണ് മഡുറോ പറഞ്ഞത്. സ്പാനിഷിൽ ഒരു വ്യാഖ്യാതാവിലൂടെ സംസാരിച്ച അദ്ദേഹത്തിന്റെ ഭാര്യ ഫ്ലോറസ്, തന്റെ ഐഡന്റിറ്റി പറയാൻ ആവശ്യപ്പെട്ടപ്പോൾ വെനിസ്വേല റിപ്പബ്ലിക്കിന്റെ പ്രഥമ വനിത താനാണെന്ന് പറഞ്ഞു. താൻ “കുറ്റക്കാരനല്ല” എന്നും “പൂർണ്ണമായും നിരപരാധി” ആണെന്നും അവർ തുടർന്നും ഉറപ്പിച്ചു പറഞ്ഞു.

2020 ൽ റജിസ്റ്റർ ചെയ്ത ലഹരികടത്തുകേസിലാണ് ഇരുവരും വിചാരണ നേരിടുന്നത്.

നീല ജയിൽ വസ്ത്രം ധരിപ്പിച്ചാണ് മഡുറോയെ ന്യൂയോർക്കിലെ മൻഹാറ്റൻ കോടതിയിൽ എത്തിച്ചത്. ഇംഗ്ലീഷിലുള്ള കോടതിമുറി നടപടിക്രമങ്ങൾ സ്പാനിഷ് ഭാഷയിലേക്ക് തർജമ ചെയ്യുന്നതിനായി ഇരുവർക്കും പ്രത്യേക ഹെഡ് സെറ്റുകൾ നൽകിയിരുന്നു. ബ്രൂക്കിലിൻ ജയിലിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ ഇരുവരെയും മൻഹാറ്റനിലെത്തിച്ചത്. കേസ് ഇനി മാർച്ച് 17ന് വീണ്ടും പരിഗണിക്കും. മഡുറോയ്‌ക്കും ഭാര്യയ്‌ക്കും വേണ്ടി അഭിഭാഷകനായ ബാരി പൊള്ളാക്ക് കോടതിയിൽ ഹാജരായി.

വെനിസ്വേലയുടെ സമ്പന്നമായ എണ്ണ ശേഖരണത്തിന്മേലുള്ള സാമ്രാജ്യത്വ പദ്ധതികളുടെ മുഖംമൂടിയാണെന്ന് പറഞ്ഞുകൊണ്ട് മഡുറോ ഈ ആരോപണങ്ങൾ നിരന്തരം നിഷേധിച്ചിട്ടുണ്ട്. 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം തന്റെ നേതൃത്വത്തെ വെല്ലുവിളിക്കാനുള്ള ദീർഘകാല യുഎസ് ശ്രമങ്ങൾക്കിടയിൽ പ്രോസിക്യൂഷൻ രാഷ്‌ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ പ്രതിഭാഗം വാദിക്കുന്നു.

63 കാരനായ മഡുറോക്കെതിരെ നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നാർക്കോ-ടെററിസം, കൊക്കെയ്ൻ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്‌ക്കൽ തുടങ്ങി മെക്സിക്കോയിലെ സിനലോവ, സീറ്റാസ് കാർട്ടലുകൾ, കൊളംബിയൻ ഫാർക്ക് വിമതർ, വെനിസ്വേലയിലെ ട്രെൻ ഡി അരഗ്വ സംഘം തുടങ്ങിയ ഗ്രൂപ്പുകളുമായി കൊക്കെയ്ൻ കടത്ത് ഏകോപിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നും അധികൃതർ ആരോപിക്കുന്നു.

യുഎസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ മഡുറോയ്‌ക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം ഭരണകക്ഷിയായ ഫെഡറല്‍ കൗണ്‍സില്‍ മരവിപ്പിച്ചു. രാജ്യത്തേക്ക് നിയമ വിരുദ്ധമായി സ്വത്തുക്കളുടെ ഒഴുക്ക് തടയുകയെന്ന ലക്ഷ്യത്തോടെയാണ് മഡുറോയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുള്ളത്. നാല് വര്‍ഷത്തേക്കാണ് നടപടി. എന്നാല്‍ ആസ്തി മരവിപ്പിക്കല്‍ നിലവിലെ വെനിസ്വേലന്‍ സര്‍ക്കാര്‍ അംഗങ്ങളെ ബാധിക്കില്ല. മരവിപ്പിച്ച സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാല്‍ ഇവ വെനിസ്വേലന്‍ ജനതയ്‌ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ തിരികെ നല്കാന്‍ ശ്രമിക്കുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് അറിയിച്ചു.

വെനിസ്വേലയിലെ സ്ഥിതിഗതികള്‍ നിലവില്‍ അസ്ഥിരമാണ്. ഇവ നിരീക്ഷിച്ചു വരികയാണ്. വരും ദിവസങ്ങളില്‍ ഇത് മാറി മറിയും. രാജ്യത്തെ സംഘര്‍ഷാവസ്ഥ മാറി സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ സാധിക്കട്ടേയെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് ഫെഡറല്‍ കൗണ്‍സില്‍ പറഞ്ഞു.

അതിനിടെ വെനിസ്വേലന്‍ വിഷയത്തില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. സൈനിക നീക്കത്തിലൂടെ യുഎസ് മഡുറോയെ പിടികൂടിയതിനെപ്പറ്റിയും വെനിസ്വേലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമാണ് യോഗം.

പ്രധാന വിഷയങ്ങൾ: 
എണ്ണയുടെ നിയന്ത്രണം: വെനിസ്വേലയിലെ വലിയ എണ്ണശേഖരം അമേരിക്കൻ കോർപ്പറേഷനുകൾക്ക് സ്വന്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് അമേരിക്കയുടെ ഇപ്പോഴത്തെ ഇടപെടലുകളെന്ന് വിദേശകാര്യ വിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

മയക്കുമരുന്ന് കടത്ത് ആരോപണം: യു.എസ് കോടതിയിൽ ഹാജരായ മഡുറോയും ഭാര്യയും മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ തങ്ങൾ നിരപരാധികളാണെന്ന് വാദിച്ചു.

രാഷ്‌ട്രീയ പ്രേരിതം: അമേരിക്കയുടെ ഈ നീക്കങ്ങളെല്ലാം മഡുറോയുടെ നേതൃത്വത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണെന്ന് വെനിസ്വേലൻ സർക്കാർ ആരോപിക്കുന്നു.

യുഎസ് നടപടികൾ: അമേരിക്കൻ ഉപരോധങ്ങൾ, സൈനിക സാന്നിധ്യം, വ്യോമാക്രമണങ്ങൾ തുടങ്ങിയവ വെനിസ്വേലയിൽ തുടരുന്നു, ഇത് എണ്ണ വിലയെയും ആഗോള വിപണിയെയും ബാധിക്കുന്നു

 

By admin