‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് സംവിധായകന്‍ വിനയന്‍. ‘ലോക’ പോലുള്ള സിനിമകളുടെ കാലമാണ് ഇനി വരാനുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇനി കുറച്ചുകാലത്തേക്ക് കല്യാണിയുടെ കാലമായിരിക്കുമെന്നും വിനയന്‍ പറഞ്ഞു.
‘ലോക’ കണ്ടോ എന്ന ചോദ്യത്തോട് ചിത്രം കണ്ടു എന്ന് അദ്ദേഹം മറുപടി നല്‍കി. ‘ഞാന്‍ മനസില്‍വെച്ചിരുന്ന കഥയല്ലേ അടിച്ചോണ്ടുപോയത്’, എന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു.
‘ലോകയുടെ വിജയത്തില്‍ സന്തോഷമുണ്ട്. ലോക പോലെയുള്ള സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത് . പഴയകാലത്തെ ഹൊറര്‍ കണ്‍സെപ്റ്റ് മാറി. ഇങ്ങനെ ഒരെണ്ണംചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ച്, പെണ്‍കുട്ടികളെവെച്ച് ചെയ്യുമ്പോള്‍ സൂപ്പര്‍സ്റ്റാറുകളുടെ പുറകേ പോവാതെ ചെയ്യാന്‍ പറ്റും. അതിലിപ്പോള്‍ ഒരെണ്ണം അടിച്ചുമാറ്റികഴിഞ്ഞു. ഞാന്‍ ഇനി വേറൊരെണ്ണമുണ്ടാക്കും. എന്റെ മനസില്‍ ഞാന്‍ കണ്ടിരുന്നതുപോലെയൊരു സബ്ജക്റ്റാണ് ലോക’- അദ്ദേഹം പറഞ്ഞു.
താനായിരുന്നെങ്കിലും കല്യാണിയെ തന്നെ നായികയാക്കിയേനെയെന്നും വിനയന്‍ പറഞ്ഞു. ‘കല്യാണി അക്കാര്യത്തില്‍ നമ്പര്‍വണ്‍ ആര്‍ട്ടിസ്റ്റ് അല്ലേ. കല്യാണിയുടെ കാലമായിരിക്കും ഇനി കുറച്ചുകാലത്തേക്ക് എന്ന് തോന്നുന്നു’- അദ്ദേഹം പറഞ്ഞു.