ന്യൂദല്‍ഹി: ടാറ്റാ ഗ്രൂപ്പില്‍ ചില അസ്വാരസ്യങ്ങള്‍ അരങ്ങേറുന്നതായുള്ള വാര്‍ത്തകള്‍ക്കിടയില്‍ ടാറ്റാ ഗ്രൂപ്പിലെ ഉന്നതസംഘം ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
എയറിന്ത്യ വിമാനാപകടത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങളെല്ലാം ടാറ്റാ ഗ്രൂപ്പിനുള്ളില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ നോയര്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ട്രസ്റ്റി ഡാരിയസ് കമ്പാട്ട, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നതായി പറയുന്നു.
ടാറ്റാ സണ്‍സിലെ ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റ ട്രസ്റ്റിനുള്ളില്‍ വലിയ അസ്വാരസ്യമുള്ളതായി പറഞ്ഞുകേള്‍ക്കുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 30 കമ്പനികള്‍ ഉള്‍പ്പെടെ 400 കമ്പനികള്‍ ടാറ്റയുടേതായുണ്ട്. ടാറ്റ സണ്‍സ് ബോര്‍ഡില്‍ മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിങ്ങിനെ വീണ്ടും നോമിനിയായി പുനര്‍നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട സെപ്തംബര്‍ 11ന് ചേര്‍ന്ന ആറ് ടാറ്റാ ട്രസ്റ്റിമാരുടെ യോഗത്തില്‍ വലിയ അഭിപ്രായഭിന്നത ഉയര്‍ന്നതായി വാര്‍ത്തയുണ്ടായിരുന്നു. മെഹ്ലി മിസ്ട്രി, പ്രമിത് ജാവേരി, ജഹാംഗീര്‍, കമ്പാട്ട എന്നീ നാല് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തതിനാല്‍ നിയമനം നടന്നില്ല.