തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് ആയിരത്തിലധികം ദിവസം പരോള്‍ അനുവദിച്ച വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.കെ. രമ എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി സഭയില്‍ നിന്നും ഒളിച്ചോടുകയാണ് ചെയ്തതെന്ന് വി ഡി സതീശന്‍ ആരോപിച്ചു.
ടി.പി. വധക്കേസ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തിലധികം (ആയിരത്തിലേറെ ദിവസം) പരോള്‍ ലഭിച്ചത് എങ്ങനെയാണെന്ന് വി ഡി സതീശന്‍ ചോദിച്ചു. സാധാരണ ഗതിയില്‍ അടുത്ത ബന്ധുക്കളുടെ മരണം അല്ലെങ്കില്‍ ഗുരുതരമായ അസുഖം എന്നിവയ്ക്ക് മാത്രം നല്‍കേണ്ട പരോള്‍ പ്രതികള്‍ക്ക് വഴിവിട്ട് നല്‍കുകയാണെന്നും സതീശന്‍ പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ഫണ്ട് വെട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, അദ്ദേഹത്തെ കൊല്ലാന്‍ പരോളിലിറങ്ങിയ ക്രിമിനലുകളെ പാര്‍ട്ടി ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണന്‍ തന്റെ ജീവന്‍ രക്ഷിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികള്‍ക്ക് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകളും മദ്യവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും, ക്രിമിനലുകള്‍ ജയിലിനുള്ളിലിരുന്ന് കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്ത സ്പീക്കറുടെ നടപടി സര്‍ക്കാരിനെ സംരക്ഷിക്കാനാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
ടി.പി. കേസിലെ ഗൂഢാലോചന പുറത്തുവന്നാല്‍ സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ ജയിലിലാകുമെന്ന് ഭയന്നാണ് പ്രതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ചെയ്തുനല്‍കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങുന്നത് തടയാനാണ് ക്രിമിനലുകളെ പുറത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.