ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികളെ കൈവിടാതെ സര്‍ക്കാര്‍. ജയില്‍മേധാവിയുടെ കത്തു പുറത്തുവന്നതോടെ സര്‍ക്കാര്‍ നടത്തിയ അസാധാരണ നീക്കമാണ് വെളിപ്പെട്ടത്. സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ജയില്‍ മേധാവി കത്തയച്ചത്.
ടി.പി. കേസില്‍ പിടിക്കപ്പെട്ടു വിവിധ ജയിലുകളില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ അവധി ആനുകൂല്യം നല്‍കി വിടുതല്‍ ചെയ്യുന്ന വിഷയം പരിശോധിക്കാന്‍ സര്‍ക്കാരില്‍ നിന്നു നിര്‍ദേശം ലഭ്യമായിരിക്കുന്നു എന്നാണ് കത്തില്‍ പറയുന്നു. ജയില്‍മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് അയച്ച കത്തില്‍ ആണ് പരാമര്‍ശം.
തലശേരി ഇരട്ടക്കൊലപാതക കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ഇവരെ വിട്ടയച്ച സാഹചര്യത്തിലാണ് ടി.പി കേസിലും ‘വിടുതല്‍’ നല്‍കുന്നത് പരിശോധിക്കാനുള്ള നിര്‍ദേശം. ഇവര്‍ക്ക് അവധി ആനുകൂല്യം നല്‍കി വിട്ടയയ്ക്കുകയാണെങ്കില്‍ സ്വീകരിക്കാന്‍ കഴിയുന്ന സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാനും ഈ മാസം 25ന് അയച്ച കത്തില്‍ ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാരിന്റെ അനധികൃത ഇടപെടല്‍ സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നത്.