
കൊളംബോ: ടി20 ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഭാരതത്തിന് വന്‍ വിജയം . ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ 61 റണ്‍സിനാണ് ഭാരതം എതിരാളിടെ തറപറ്റിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി നല്‍കാനിറങ്ങിയ പാക്കിസ്ഥാന്‍ 18 ഓവറില്‍114 റണ്‍സിന് പുറത്തായി. ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിൽ കടന്നു.
ഇന്ത്യന്‍ പേസര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ പാക് മുന്‍നിര പതറുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ സാഹിബ്‌സാദ ഫര്‍ഹാനെ (0) പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക്ത്രൂ നല്‍കി. അര്‍ഷ്ദീപ് സിംഗിന്റെ അഭാവത്തില്‍ പുതിയ പന്ത് ഏറ്റെടുത്ത പാണ്ഡ്യയുടെ നാലാം പന്തില്‍ ഫര്‍ഹാനെ പുറത്തായി; ക്യാച്ച് എടുത്തത് റിങ്കു സിംഗ് ആയിരുന്നു.
രണ്ടാം ഓവറില്‍ ആക്രമണത്തിലേര്‍പ്പെട്ട ജസ്പ്രീത് ബുംറ തന്റെ സ്വതസിദ്ധമായ ഇന്‍സ്വിങ്ങറിലൂടെ സായിം അയൂബ്‌നെ (6) എല്‍ബിഡബ്ല്യുവില്‍ കുടുക്കി. അതേ ഓവറില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെയും (4) പുറത്താക്കി ബുംറ പാകിസ്താന്റെ ഇന്നിംഗ്‌സിന് വലിയ ആഘാതമേല്‍പ്പിച്ചു.
തുടര്‍ന്ന് ബാബര്‍ അസംനെ (5) പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഇന്ത്യയുടെ ആധിപത്യം കൂടുതല്‍ ഉറപ്പിച്ചു. തുടക്കത്തില്‍ തന്നെ നാല് പ്രധാന വിക്കറ്റുകള്‍ നഷ്ടമായതോടെ പാകിസ്താന്റെ റണ്‍ചേസ് സമ്മര്‍ദ്ദത്തിലേക്ക് വഴിമാറി. പൊരുതി നിന്ന ഉസ്മാന്‍ ഖാനെ(44) കൂടി പറഞ്ഞു വിട്ട് അക്ഷര്‍ പട്ടേല്‍ രണ്ടാം വിക്കറ്റും നേടിയതോടെ പാക്കിസ്ഥാന്റെ നേരിയ പ്രതീക്ഷയും അവസാനിച്ചു. പിന്നീട് തോല്‍വി എത്ര റണ്‍സിന് എന്നതുമാത്രമായിരുന്നു അറിയാന്‍ ഉണ്ടായിരുന്നത്.
34 പന്തിൽ 44 റൺസെടുത്ത മധ്യനിര താരം ഉസ്മാൻ ഖാൻ മാത്രമാണ് പാക്ക് നിരയിൽ പേരിനെങ്കിലും പൊരുതിയത്. ഷഹീൻ അഫ്രീദി (19 പന്തിൽ 23), ശതാബ് ഖാൻ (15 പന്തിൽ 14), ഫഹീം അഷറഫ് (14 പന്തിൽ 10) എന്നിവരും രണ്ടക്കം കടന്നു. മത്സരത്തിൽ പാക്കിസ്ഥാന്റെ ഏഴു താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്തായി.
ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍ , വരുണ്‍ ചക്രവര്‍ത്തി ,ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ കുല്‍ദീപ് യാദവ്, തിലക വര്‍മ്മ എന്നിവര്‍ക്ക് ഓരോ വിക്കറ്റും കിട്ടി.
ടാസ് ന്ഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ പൂജ്യത്തില്‍ പുറത്തായെങ്കിലും, അതിനെ തുടര്‍ന്ന് മികച്ച തിരിച്ചുവരവ് നടത്തിയ ഇഷാന്‍ കിഷന്‍ ആണ് ഇന്നിംഗ്‌സിന് കരുത്തായത്.
വെടിക്കെട്ട് ബാറ്റിംഗിലൂടെ 40 പന്തില്‍ 77 റണ്‍സ് (10 ഫോര്‍, 3 സിക്‌സ്) നേടിയ ഇഷാന്‍ ടോപ് സ്‌കോററായി. വെറും 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ഇന്ത്യ-പാക് ടി20 മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന നേട്ടവും സ്വന്തമാക്കി. പവര്‍പ്ലേ ഓവറുകളില്‍ മാത്രം 42 റണ്‍സ് നേടി, പാകിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന ശുഭ്മന്‍ ഗില്‍ന്റെ റെക്കോര്‍ഡും മറികടന്നു. സായിം അയൂബ്യുടെ പന്തില്‍ ബൗള്‍ഡ് ആയി പുറത്തായി.
സഞ്ജു സാംസന്റെ പകരക്കാരനായി എത്തിയ അഭിഷേക് ശര്‍മ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ പവലിയന്‍ തേടി. സല്‍മാന്‍ ആഗയുടെ പന്തില്‍ ഷഹീന്‍ അഫ്രീദി പിടിക്കുകയായിരുന്നു.
മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 32 റണ്‍സും, ശിവം ദുബേ 17 പന്തില്‍ 27 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം നടത്തി. റിങ്കു സിംഗ് 11 റണ്‍സുമായി പുറത്താകാതെ നിന്നു.
പാകിസ്താനുവേണ്ടി സായിം അയൂബ് മികച്ച സ്‌പെല്‍ പുറത്തെടുത്തു. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ നേടി.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പർ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്‍.