
പല്ലെക്കലെ: ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആവേശകരമായ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്.
സെമി പ്രവേശനത്തിന് ശ്രീലങ്കയെ 147 റണ്‍സിനുള്ളില്‍ ഒതുക്കണമായിരുന്നു. അതിന് കഴിയാഞ്ഞത് പാകിസ്ഥാന് തിരിച്ചടിയായി. ഇതോടെ ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും സെമി ഉറപ്പാക്കി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. ഓപ്പണര്‍മാരായ സാഹിബ്സാദ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്ന് ലങ്കന്‍ ബൗളര്‍മാരെ അടിച്ചു പറത്തി.
വെറും 60 പന്തില്‍ നിന്ന് സെഞ്ച്വറി തികച്ച ഫര്‍ഹാന്‍, ഒരു ലോകകപ്പ് പതിപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന വിരാട് കോഹ്ലിയുടെ റിക്കാര്‍ഡും ഫര്‍ഹാന്‍ മറികടന്നു.
ഫഖര്‍ സമാന്‍ 42 പന്തില്‍ 84 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത 176 റണ്‍സ് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ്.
മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക പൊരുതി. പാകിസ്ഥാന്റെ സെമി മോഹങ്ങള്‍ തകര്‍ക്കാന്‍ ലങ്കയ്‌ക്ക് 147 റണ്‍സ് എടുക്കണമായിരുന്നു.
അവസാന ഓവറില്‍ ഷഹീന്‍ അഫ്രീദിക്കെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പറത്തി ഷനക ആവേശം വിതറിയെങ്കിലും വിജയത്തിന് അഞ്ച് റണ്‍സകലെ ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചു.
പാകിസ്ഥാന് വേണ്ടി അബ്രാര്‍ അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ നേടി.