• Thu. Nov 28th, 2024

24×7 Live News

Apdin News

ടൂറിസം വികസനത്തിൽ കുതിച്ചുചാട്ടം; കേരളാ ടൂറിസത്തിന്റെ രണ്ട്‌ പദ്ധതികൾക്ക്‌ കേന്ദ്രാനുമതി | Kerala | Deshabhimani

Byadmin

Nov 27, 2024



തിരുവനന്തപുരം > സംസ്ഥാന ടൂറിസംവകുപ്പ് നിർദേശിച്ച 155.05 കോടിരൂപയുടെ ടൂറിസം പദ്ധതിക്ക്‌  കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി. 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻ‍ഡ് റിക്രിയേഷണൽ ഹബ്ബിനും 95.34 കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിളിനും അനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ഡെവലപ്പ്മെന്റ് ഓഫ് ഐക്കോണിക് ടൂറിസ്റ്റ് സെന്റേഴ്സ് ടു ​ഗ്ലോബൽ സ്കെയിൽ പദ്ധതിയിൽ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 155.05 കോടി രൂപയുടെ ടൂറിസം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയത്.

കൊല്ലം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണ​ക്കി സംസ്ഥാന ടൂറിസംവകുപ്പ് രൂപം നൽകിയ ജൈവവൈവിധ്യ സർക്യൂട്ടിന്റെ വിപുലീകരണമാണ് ബയോഡൈവേഴ്സിറ്റി ആൻഡ് റിക്രിയേഷണൽ ഹബ്ബ്‌ എന്നതിലൂടെ വിഭാവനം ചെയ്തത്. കോഴിക്കോട് സർഗാലയ ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർവരെ നീളുന്ന ടൂറിസം ശൃംഖലയാണ് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ എന്ന പദ്ധതി. സർഗാലയ ആർട് ആൻഡ്‌ ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ ടൂറിസംവകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി പദ്ധതിയുടെ  രൂപരേഖ കേന്ദ്ര ടൂറിസംവകുപ്പിൽ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് രണ്ടു പദ്ധതികൾ‌ക്കും കേന്ദ്രം ഫണ്ട് അനുവദിച്ചത്.

സംസ്ഥാനത്തെ ടൂറിസം വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുന്ന പദ്ധതികളാണിതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ‌ വികസിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതി നിർദേശങ്ങൾ സമർപ്പിച്ചത്.

സംസ്ഥാനത്താകെ ടൂറിസം കേന്ദ്രം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുവാൻ ഇത് സഹായിക്കും. പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ടൂറിസംവകുപ്പ് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin