
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി, സലഫി എന്നിവയെ നിരോധിച്ചാല്‍ മാത്രമേ വൈറ്റ് കോളര്‍ ടെററിസത്തെ ഇല്ലാതാക്കാനാവൂ എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ മദ്രസകളില്‍ പഠിപ്പിച്ചിരുന്നത് രാജ്യസ്‌നേഹം ഓരോ ആളുടെയും വിശ്വാസത്തിന്റെ ഭാഗമെന്നാണ്. എന്നാല്‍ തങ്ങളുടേതൊഴിച്ച് ബാക്കിയെല്ലാം തെറ്റാണെന്നാണ് സലഫികളും ജമാഅത്തെ ഇസ്ലാമിയും പഠിപ്പിച്ചത്. കാഫിറുകളെ കൊന്ന് ഷഹീദായാല്‍ സ്വര്‍ഗം കിട്ടുമെന്ന പ്രചാരണത്തിന്റെ ഭാഗമാണ് വൈറ്റ് കോളര്‍ ടെററിസ്റ്റുകളെ സൃഷ്ടിച്ചത്. ദല്‍ഹിയില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍ അര്‍ബന്‍ ഭീകരവാദികളുടെ ഗൂഢാലോചനയാണ്. ഇതിനെതിരെ എല്ലായിടത്തും അതിശക്തമായ വികാരമുണ്ട്. അത് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമാവും.
സമഗ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ന്യൂനപക്ഷത്തെ ഭയപ്പെടുത്താനാണ്. രാജ്യത്തിന് പുറത്തുനിന്ന് നുഴഞ്ഞ്കയറിയവരെ മാത്രമാണ് ഒഴിവാക്കുക. അതല്ലാതെ ഒരാള്‍ക്കും തന്നെ അവരുടെ വോട്ടവകാശം നഷ്ടമാവില്ല. ഭാരത പൗരയല്ലാതെ രാജ്യത്തെ വോട്ടര്‍പട്ടികയില്‍ ആദ്യമായി കയറിക്കൂടിയത് സോണിയാഗാന്ധിയാണ്. ലോകത്തിന് മുന്നില്‍ നമ്മുടെ ജനാധിപത്യത്തെ അവഹേളിക്കുന്ന നിലപാടാണ് രാഹുല്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വികസന പദ്ധതികളാണ്. കേന്ദ്ര വികസനത്തിന്റെ ഫലമനുഭവിക്കാത്ത ഒരാള്‍ പോലും കേരളത്തിലില്ല. എന്‍ഡിഎ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ അത്ഭുതം സൃഷ്ടിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ ക്ഷേമവികസന പദ്ധതികളില്‍ പരാജയമായി. പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അനവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും കടക്കെണിയിലായ കേരളത്തിന് അതൊന്നും നല്‍കാനാവില്ല, അദ്ദേഹം പറഞ്ഞു.