ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഏവരെയും അമ്പരപ്പിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കുവേണ്ടി ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാകും താരം കളിക്കുക. 67 ടെസ്റ്റുകളില്‍നിന്ന് 4301 റണ്‍സാണ് ഇതുവരെ താരം ഇന്ത്യക്കായി നേടിയത്. 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.
‘ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന വിവരം ഏവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വെള്ളക്കുപ്പായത്തില്‍ രാജ്യത്തിനുവേണ്ടി കളിക്കാനായത് വലിയ അംഗീകാരമാണ്. ഇത്രയുംകാലം നിങ്ങള്‍ തന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റില്‍ തുടരും’ -രോഹിത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ജൂണ്‍ 20നാണ് ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. മോശം ഫോമിലുള്ള രോഹിത്തിനെ നേരത്തെ തന്നെ ടെസ്റ്റ് ടീമില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2024 ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു.
38കാരനായ രോഹിത്തിന്റെ കീഴിലാണ് ഇന്ത്യ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ ആസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആസ്‌ട്രേലിയയോട് നാണംകെട്ടതും രോഹിത്തിന്റെ നായക പദവി തുലാസിലാക്കിയിരുന്നു. രണ്ടു പരമ്പരകളിലും രോഹിത് ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തോടെ രോഹിത് തന്നെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.