ന്യൂദൽഹി : ഡൊണാൾഡ് ട്രംപിന്റെ താരിഫ് സംബന്ധിച്ച ധാർഷ്ട്യകരമായ നിലപാടിനെ പിന്തുണച്ച് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് . ഇന്ത്യ ക്ഷമാപണം നടത്തേണ്ടിവരുമെന്നും യുഎസ് വിപണിയില്ലാതെ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇന്ത്യൻ ബിസിനസുകാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് ഹോവാർഡ് ലുട്നികിന്റെ പ്രസ്താവന. പ്രസിഡന്റ് ട്രംപിനോട് ഇന്ത്യ ക്ഷമാപണം നടത്തുകയും വിട്ടുവീഴ്ച ചെയ്യാമെന്ന് പറയുകയും വേണമെന്നും ഹോവാർഡ് പറഞ്ഞു.
ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഹോവാർഡ് ലുട്‌നികിന്റെ ഈ പ്രസ്താവന. ഇന്ത്യയെ കാനഡയുമായി താരതമ്യം ചെയ്തായിരുന്നു പരാമർശം . “കാനഡയുടെ സമ്പദ്‌വ്യവസ്ഥ തകരുകയാണെന്ന് മനസ്സിലാക്കിയപ്പോൾ, അവർ വ്യാപാര കരാറിലെ നിലപാടിൽ നിന്ന് പിന്മാറി. അതുകൊണ്ടാണ് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചാ മേശയിലുണ്ടാകുമെന്ന് ഞാൻ കരുതുന്നത്. അവർ ക്ഷമാപണം നടത്തി പ്രസിഡന്റ് ട്രംപുമായി ഇടപെടാൻ ശ്രമിക്കും. പ്രധാനമന്ത്രി മോദിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് പൂർണ്ണമായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും “ അദ്ദേഹം പറഞ്ഞു.
അമേരിക്കയെ പിന്തുണയ്‌ക്കണോ അതോ റഷ്യയുമായും ചൈനയുമായും സഖ്യമുണ്ടാക്കണോ എന്ന് ഇന്ത്യ തിരഞ്ഞെടുക്കേണ്ടിവരും. റഷ്യയെയും ചൈനയെയും തമ്മിലുള്ള കണ്ണിയാണ് ബ്രിക്സ്. നിങ്ങൾ അങ്ങനെ ആകണമെങ്കിൽ മുന്നോട്ട് പോയി അത് ചെയ്യുക. ഇത് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് നോക്കാം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണം. ബ്രിക്‌സിന്റെ ഭാഗമാകുന്നത് നിർത്തുക. അമേരിക്കയെയും ഡോളറിനെയും പിന്തുണയ്‌ക്കുക, അല്ലെങ്കിൽ 50 ശതമാനം താരിഫ് നേരിടാൻ തയ്യാറാകുക.ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും പരസ്പരം സാധനങ്ങൾ വിൽക്കാൻ കഴിയില്ലെന്നും, അദ്ദേഹം പറഞ്ഞു