
നാഗപട്ടണം: അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം നാഗപട്ടണം വേർകുടി ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരം മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയുടെ അറസ്റ്റിനെതിരെയായിരുന്നു പ്രതിഷേധം.
മഡുറോയുടെ അറസ്റ്റിന് പിന്നാലെ ജനുവരി 10 നായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്. പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിക്കുന്നതിനിടെ കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്ക് തീപടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കല്യാണസുന്ദരം തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വേളാങ്കണ്ണി പോലീസ് പരിധിയിലുള്ള അഗര ഒരത്തൂർ ജംഗ്ഷനിലാണ് പ്രതിഷേധ സൂചകമായി ട്രംപിന്റെ കോലം കത്തിച്ചത്.
പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പെട്രോൾ കുപ്പി പിടിച്ചുവാങ്ങാൻ ശ്രമിച്ചിരുന്നു. ഈ ബഹളത്തിനിടയിൽ പെട്രോൾ കല്യാണസുന്ദരത്തിന്റെ ശരീരത്തിലേക്ക് തെറിക്കുകയും അദ്ദേഹത്തിന്റെ കൈലിയിൽ തീ പടരുകയും ചെയ്തു. ഇതിൽ അദ്ദേഹത്തിന്റെ രണ്ട് കാലുകൾക്കും ഇടതുകൈയ്‌ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ പോലീസും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ ഒരത്തൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ചികിത്സയ്‌ക്ക് ശേഷം ഈ മാസം 13ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് തഞ്ചാവൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.