ന്യൂദല്‍ഹി: ഡൊണാള്‍ഡ് ട്രംപ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ നടത്തുന്ന ചുങ്കപ്പോരില്‍ നിന്നും വ്യാപാരയുദ്ധത്തില്‍ നിന്നും ഇന്ത്യ ഏറെ സുരക്ഷിതമാണെന്ന് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. മാത്രമല്ല, 2025-26 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്നും ഫിച്ച് വിലയിരുത്തി. ഇന്ത്യയ്‌ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് ഫിച്ചിന്റെ ഈ റിപ്പോര്‍ട്ട്.
ലോകമാകെ സമ്പദ്ഘടനയില്‍ ഒരേയൊരു ഭീഷണിയായി നിലനില്‍ക്കുന്നത് ട്രംപിന്റെ വ്യാപാര, ചുങ്ക യുദ്ധമാണ്. ചൈനയ്‌ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ചുങ്കനിരക്ക് വന്‍തോതില്‍ ആണ് ട്രംപ് ഉയര്‍ത്തിയത്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ കടുത്തതായിരുന്നുവെന്നും പക്ഷെ ഇന്ത്യ ഇതില്‍ നിന്നെല്ലാം ഏറെ സുരക്ഷിതമാണെന്നും ഫിച്ച് പറയുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 5.4 ശതമാനമായിരുന്നെങ്കില്‍ നാലാം സാമ്പത്തിക പാദത്തില്‍ ഇത് 6.2 ശതമാനമായി ഉയര്‍ന്നുവെന്നും ഫിച്ച് പറയുന്നു. ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ഈ തിരിച്ചുവരവ് സാധ്യമാക്കിയത് സ്വകാര്യ, സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായ നിക്ഷേപവും കാര്‍ഷികരംഗത്ത് നിന്നുളള വരുമാനവും ആണെന്നാണ് ഫിച്ച് പറയുന്നത്.