വാഷിംഗ്ടണ്‍ : ട്രംപ് ചൈനയ്‌ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന പ്രതികാരച്ചുങ്കം അമേരിക്കയെ 2025 ഒടുവില്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ് ബാങ്കറും അമേരിക്കന്‍ ധനകാര്യസ്ഥാപനവുമായ ജെപി മോര്‍ഗന്‍. അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാന്‍ നേരത്തെ 40 ശതമാനം സാധ്യതയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 60 ശതമാനമായി ഉയര്‍ന്നുവെന്നും ജെപി മോര്‍ഗന്‍ പറയുന്നു. വൈകാതെ അമേരിക്കയുടെ മൊത്ത ആഭ്യന്തരോല്പാദനം (ജിഡിപി) ക്ഷയിക്കുമെന്നും തൊഴിലില്ലായ്മ വര്‍ധിക്കുമെന്നുമാണ് ജെ.പി. മോര്‍ഗന്‍ നടത്തുന്ന നിരീക്ഷണം.
അതുപോലെ ആഗോള ക്രെഡിറ്റ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സും അമേരിക്ക സാമ്പത്തികമാന്ദ്യത്തില്‍ പതിക്കുമെന്ന് പ്രവചിക്കുന്നു. അതുപോലെ ആഗോള ക്രെഡിറ്റ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സും അമേരിക്ക സാമ്പത്തികമാന്ദ്യത്തില്‍ പതിക്കുമെന്ന് പ്രവചിക്കുന്നു. ഇവര്‍ 40 മുതല്‍ 35 ശതമാനം വരെ സാധ്യതയാണ് പ്രവചിക്കുന്നത്. ഗോള്‍ഡ് മാന്‍ സാക്സും അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാന്‍ 35 ശതമാനം വരെ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച തന്നെ പ്രവചിച്ചിരുന്നു.
ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില സാധനങ്ങള്‍ക്ക് 54 ശതമാനം വരെ ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം ചൈനയും ഇതിന് പ്രതികാരമെന്നോണം 35 ശതമാനം വരെ ചുങ്കം ചുമത്തിയിട്ടുണ്ട്. മാത്രമല്ല, ഏപ്രില്‍ എട്ടിന് കൂടുതല്‍ ചുങ്കം മറ്റു രാജ്യങ്ങള്‍ക്കെതിരെ പ്രഖ്യാപിക്കുമെന്നും ട്രംപ് താക്കീത് നല്‍കിയിട്ടുണ്ട്. ലോകം ഏപ്രില്‍ എട്ടിന്റെ പ്രഖ്യാപനത്തിന് ഭീതിയോടെ കാത്തിരിക്കുകയാണ്.
അതിനിടെ കഴിഞ്ഞ ദിവസം അമേരിക്കന്‍ ഓഹരി വിപണി വന്‍തോതില്‍ തകര്‍ന്നിരുന്നു. ഗൂഗിള്‍, ആപ്പിള്‍, ടെസ് ല, ഒറക്കില്‍, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ മുന്‍നിരകമ്പനികളുടെ വിപണിമൂല്യം ഏകദേശം 6.8 ലക്ഷം കോടി ഡോളര്‍ ആണ് ഒറ്റയടിക്ക് തകര്‍ന്നത്.
“ചുങ്കത്തിന്റെ ഭാരം മൂലം അമേരിക്കയുടെ ജിഡിപി തകരും. തൊഴിലില്ലായ്മ 5.3 ശതമാനം വരെ ഉയരും.” – ജെപി മോര‍്ഗന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് മൈക്കേല്‍ ഫെറോള്‍ പറയുന്നു. അമേരിക്കയുടെ കേന്ദ്രബാങ്കായ യുഎസ് ഫെഡ് റിസര്‍വ്വിന്റെ അധ്യക്ഷന്‍ ജെറോം പവലും ഇതേ ആശങ്ക പങ്കുവെയ്‌ക്കുന്നു. ചുങ്കം ചുമത്തിയുള്ള പകവീട്ടല്‍ അമേരിക്കയുടെ ധനകാര്യമേഖളയെ തകര്‍ക്കുമെന്നാണ് ഇദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. വിലക്കയറ്റം കൂടുകയും വളര്‍ച്ച മന്ദീഭവിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.