• Wed. May 14th, 2025

24×7 Live News

Apdin News

ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ, വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല

Byadmin

May 14, 2025


ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്‍പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെടിനിര്‍ത്തലിന് ആദ്യം സമീപിച്ചത് പാകിസ്താന്‍ ആണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. DGMOതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. പാകിസ്താന്‍ ഭാഗത്തിന് ഹോട്ട്ലൈന്‍ വഴി ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍, ഡിജിഎംഒയുമായി സംസാരിക്കാനുള്ള അഭ്യര്‍ത്ഥന വിദേശകാര്യ മന്ത്രാലയം വഴിയാണ് ലഭിച്ചത്. പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു അഭ്യര്‍ത്ഥന. ഇന്ത്യയുടെ സന്ദേശം കൃത്യമായിരുന്നു. പാകിസ്താന്‍ അടിച്ചാല്‍ തിരിച്ചടിക്കും. അവര്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യയും നിര്‍ത്തും. ലോകനേതാക്കളോട് ഇന്ത്യ ഇത് പറഞ്ഞു. അവര്‍ പാകിസ്താനോട് ഇത് പറഞ്ഞു. ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയില്ല – വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ടെന്ന ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. കശ്മീര്‍ നയത്തില്‍ മാറ്റമില്ല കശ്മീരില്‍ മൂന്നാം കക്ഷി ഇടപെടല്‍ പാടില്ല. പരിഹരിക്കണ്ടത് ഉഭയകക്ഷി ചര്‍ച്ചയില്‍ – അദ്ദേഹം വ്യക്തമാക്കി.

ടിആര്‍എഫിനെനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ടിആര്‍എഫ് ഒന്നിലധികം തവണ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവ ഭീഷണിക്ക് വഴങ്ങുകയോ അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്താന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോട് സീറോ ടോളറന്‍സ് പോളിസിയാണ് നമ്മുടേത് – അദ്ദേഹം വ്യക്തമാക്കി.

പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും പാക് വ്യോമത്താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും ഇന്ത്യ നേരത്തേ അറിയിച്ചതാണ് ഇനിയും പാകിസ്താനില്‍ ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

By admin