• Tue. Oct 14th, 2025

24×7 Live News

Apdin News

ട്രംപിന്റെ സമാധാനം കെടുത്തി നൊബേല്‍

Byadmin

Oct 14, 2025



സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പലപ്പോഴും വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. പൂര്‍ണ്ണമായും നീതിപൂര്‍വ്വമായാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതെന്ന് പറയാനാവില്ല. പലതരത്തിലുള്ള സ്വാധീനങ്ങളും ഇതിനു പിന്നില്‍ ഉള്ളതായി കരുതപ്പെടുന്നു. മഹാത്മാഗാന്ധിക്ക് കൊടുക്കാതിരുന്ന സമാധാന നൊബേല്‍ മദര്‍ തെരേസക്ക് കൊടുത്തത് വലിയ വിവാദമാവുകയുണ്ടായല്ലോ. എന്നാല്‍ ഇത്തവണത്തെ നൊബേല്‍ പുരസ്
കാര പ്രഖ്യാപനം മറ്റൊരു തരത്തില്‍ വ്യത്യസ്തമായിരുന്നു. താന്‍ സമാധാന നൊബേലിന് അര്‍ഹനാണെന്നും, തനിക്ക് അത് കിട്ടിയിരിക്കണമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിടിവാശിയാണ് ഇക്കുറി നൊബേല്‍ സമ്മാനത്തെ ശ്രദ്ധേയമാക്കിയതെന്ന് പറയാം. ട്രംപ് വല്ലാതെ മോഹിച്ചിരുന്നെങ്കിലും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത് വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്‌ക്കാണ്.

താന്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. ഓരോന്നിനും തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കേണ്ടതാണെന്ന് പറയാന്‍ പോലും ട്രംപ് മടിച്ചില്ല. ഈ അവകാശവാദത്തെ പിന്തുണച്ച ചില രാജ്യങ്ങള്‍ ട്രംപിന് നൊബേല്‍ കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. താന്‍ മുന്‍കയ്യെടുത്ത് അവസാനിപ്പിച്ച യുദ്ധങ്ങളുടെ എണ്ണം തികയ്‌ക്കാന്‍ വേണ്ടി ഭാരതത്തിന്റെ പേരും ട്രംപ് വലിച്ചിഴയ്‌ക്കുകയുണ്ടായി. പഹല്‍ഗാമില്‍ നിരപരാധികളെ ഭീകരര്‍ കൊന്നൊടുക്കിയതിന് തിരിച്ചടിയായി ഭാരതം പാകിസ്ഥാനില്‍ നടത്തിയ യുദ്ധം അവസാനിപ്പിച്ചത് തന്റെ മധ്യസ്ഥതയില്‍ ആണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് ഭാരതം രാജ്യാന്തര വേദികളില്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് ട്രംപിന്റെ അവകാശവാദം പൊളിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ തന്റെ താല്പര്യത്തിന് വഴങ്ങില്ലെന്ന് വന്നതോടെ ട്രംപ് ക്രുദ്ധനായി. ഭാരതത്തിനെതിരെ അധിക തീരുവ പ്രഖ്യാപിക്കാന്‍ യുഎസ് ഭരണകൂടം തയ്യാറായതിന്റെ ഒരു കാരണവും ഇതാണ്.

തീര്‍ച്ചയായും ഗാസ യുദ്ധം അവസാനിപ്പിച്ചതില്‍ ട്രംപിന് പങ്കുണ്ട്. സമാധാന നൊബേല്‍ ട്രംപിനുതന്നെ നല്‍കണമെന്ന് പറഞ്ഞ രാജ്യങ്ങളില്‍ ഒന്ന് ഇസ്രായേലുമാണ്, മറ്റൊന്ന് പാകിസ്ഥാനും. ഭാരതം എല്ലാ കാലത്തും സമാധാനത്തിന്റെ പക്ഷത്താണ്. സമാധാനത്തിന് ആര് മുന്‍കയ്യെടുത്താലും, അവര്‍ക്ക് അര്‍ഹമായ ബഹുമതി നല്‍കുന്നതിലും ഭാരതം എതിരല്ല. സമാധാന പ്രക്രിയയില്‍ ഭാരതത്തിന്റെ പങ്ക് വളരെ വലുതാണെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തല്ലോ. പക്ഷേ ട്രംപിന്റെ കാര്യം വ്യത്യസ്തമാണ്. ലോകസമാധാനത്തിനല്ല, നൊബേല്‍ സമ്മാനത്തിനാണ് ട്രംപ് മുന്‍ഗണന നല്‍കിയത്. മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും ഇങ്ങനെ പരിഹാസ്യനായിട്ടില്ല.

നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താം എന്നു കരുതി ട്രംപിന്റെ അവകാശവാദത്തെ പിന്തുണയ്‌ക്കുകയാണ് ഭാരതത്തിലെ ലെഫ്റ്റ് ലിബറലുകള്‍ ചെയ്തത്. കാരണം ഭാരത സൈന്യത്തിന്റെ ആക്രമണമല്ല, അമേരിക്കയുടെ ഇടപെടലാണ് യുദ്ധം നിര്‍ത്തുന്നതില്‍ ഫലം കണ്ടതെന്ന് വരുത്താമല്ലോ. ട്രംപിന് നൊബേല്‍ സമ്മാനം ലഭിച്ചാല്‍ ഭാരതത്തിന്റെ നിലപാടിന് മങ്ങലേല്‍ക്കുമെന്ന് ലെഫ്റ്റ് ലിബറലുകള്‍ കരുതി. ഇക്കൂട്ടര്‍ക്കും ഇപ്പോള്‍ മോഹഭംഗം വന്നിരിക്കുകയാണ്. അതിന് മറ്റൊരു കാരണവുമുണ്ട് വെനസ്വേലയുടെ പ്രതിപക്ഷ നേതാവാണല്ലോ പുരസ്്കാര വിജയി. ഇവര്‍ ജനാധിപത്യ പോരാളിയാണെന്നു മാത്രമാണ് പല വാര്‍ത്തകളും പരിചയപ്പെടുത്തിയത്. പക്ഷേ വെനസ്വേലയിലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന് എതിരെ പോരാടുകയാണ് ഇവരെന്ന കാര്യം സൗകര്യപൂര്‍വ്വം മറച്ചുപിടിച്ചു. ഇപ്പോള്‍ ഈ വനിതയ്‌ക്ക് ലഭിച്ച പുരസ്‌കാരം തനിക്കുകൂടി അവകാശപ്പെട്ടതാണെന്ന മട്ടിലാണ് ട്രംപ് പ്രതികരിക്കുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ നിലവാരത്തകര്‍ച്ച എന്നല്ലാതെ എന്തു പറയാന്‍.

By admin