• Sun. Aug 10th, 2025

24×7 Live News

Apdin News

ട്രംപിന്‍റേത് തുഗ്ലക് പരിഷ്കാരമോ? അമേരിക്കയിലെ തൊഴിലാളികള്‍ക്ക് പത്തിരട്ടി ശമ്പളം നല്‍കി ആപ്പിള്‍ അമേരിക്കയില്‍ നിര്‍മ്മിച്ചാല്‍ മൂന്നരലക്ഷം വിലവരും?

Byadmin

Aug 9, 2025



ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐ ഫോണ്‍ അമേരിക്കയില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ നീക്കം തുഗ്ലക് പരിഷ്കാരമാകുമെന്ന് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍. 1325 മുതല്‍ 1351 വരെ ദല്‍ഹി ഭരിച്ചിരുന്ന തുര്‍ക്കി ചക്രവര്‍ത്തിയായ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണപരിഷ്കാരങ്ങള്‍ തലതിരിഞ്ഞവയായിരുന്നു. വെള്ളി, ചെമ്പ് നാണയങ്ങള്‍ക്ക് പകരം ടോക്കന്‍ കറന്‍സി ഏര്‍പ്പെടുത്തിയ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ പരിഷ്കാരം രാജ്യത്തെ അന്ന് അസ്ഥിരപ്പെടുത്തി. ഇതുപോലെ തന്നെ അമേരിക്കയെ പഴയ പ്രതാപകാലത്തിലേക്ക് കൊണ്ടുവരാന്‍ അമേരിക്കന്‍ കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണമെന്ന കടുത്ത തീരുമാനം നടപ്പാക്കുക വഴി അമേരിക്കയെ ട്രംപ് സര്‍വ്വനാശത്തിലേക്ക് നയിക്കുമോ എന്ന ചോദ്യം ഉയരുന്നു.

അതിന്റെ ഭാഗമായി ചൈനയിലെ ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനം കുറച്ചു. ഉയര്‍ന്ന തീരുവ ചൈനയുടെ മേല്‍ അടിച്ചേല്‍പിച്ചതോടെ ആപ്പിള്‍ ഐ ഫോണിന്റെ വില കുത്തനെ ഉയര്‍ന്നു. ഇത് മൂലം ആപ്പിള്‍ ഐ ഫോണിന് 2025 എപ്രില്‍-ജൂണ്‍ ത്രൈമാസപാദത്തില്‍ 80 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ചൈനയില്‍ ഐഫോണ്‍ ഉല്‍പാദനം പഴയതുപോലെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ വിയറ്റ്നാമിലും ഇന്ത്യയിലും ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനം ആരംഭിച്ചെങ്കിലും ഇവിടെയും ആപ്പിള്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

അമേരിക്കയില്‍ ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മ്മിച്ചേ മതിയാവൂ എന്ന നിര്‍ബന്ധം വന്നതോടെ ആപ്പിള്‍ കമ്പനി 60000 കോടി ഡോളറിന്റെ ഉല്‍പാദനം അമേരിക്കയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷെ ഇത് ആപ്പിള്‍ ഐ ഫോണിന്റെ മത്സരക്ഷമത തകര്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം അമേരിക്കയിലെ തൊഴിലാളികള്‍ക്ക് ചെലവേറും. ഇവരുടെ ഉയര്‍ന്ന ശമ്പളം, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹ്യ സുരക്ഷ, തൊഴിലാളികളുടെ റിക്രൂട്ട് മെന്‍റ്, പരിശീലനം തുടങ്ങിയവയെല്ലാം ചേരുമ്പോള്‍ അമേരിക്കന്‍ തൊഴിലാളി ചൈനയിലെയും ഇന്ത്യയിലെയും തൊഴിലാളികളുടെ ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ആപ്പിള്‍ കമ്പനിക്ക് കനത്ത സാമ്പത്തികഭാരം അടിച്ചേല്‍പിക്കുമെന്നുറപ്പാണ്.

അമേരിക്കയില്‍ ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള ചെലവും കനത്തതാകും. അതായത് ഒരു ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ മൂന്നരലക്ഷം രൂപയെങ്കിലും ആകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐ ഫോണിന് 75000 മുതല്‍ 1.5 ലക്ഷം രൂപയ്‌ക്ക് ലഭിക്കുമ്പോഴാണിത്. ഇങ്ങിനെ ചെലവേറിയ ഉല്‍പാദനരീതി ആപ്പിള്‍ കമ്പനിയെ തന്നെ ഭാവിയില്‍ തകര്‍ക്കുമെന്നാണ് ചില വിദഗ്ധര്‍ പ്രവചിക്കുന്നത്. അമേരിക്കയില്‍ ഇനി അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐ ഫോണ്‍ മാത്രമേ വില്‍ക്കാവൂ എന്ന നിര്‍ബന്ധിത നിയമവും അമേരിക്ക കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. അങ്ങിനെയെങ്കില്‍ അത് ഭാവിയില്‍ വലിയ വ്യാപാരയുദ്ധങ്ങളിലേക്ക് ലോകത്തെ നയിക്കും. അങ്ങിനെ വരുമ്പോള്‍ ആഗോള വിപണിമത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ അത് അമേരിക്കയുടെ തന്നെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ട്രംപിന്റെ ഭരണപരിഷ്കാരങ്ങള്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണപരിഷ്കാരം പോലെ അമേരിക്കയെ കരകയറാനാകാത്ത വിധം തകര്‍ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

By admin