ന്യൂദല്‍ഹി: ഇന്ത്യ നേരത്തെ യുഎസില്‍ നിന്നും വാങ്ങാന്‍ നിശ്ചയിച്ചിരുന്ന ആറ് ബോയിംഗ് പി8ഐ വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി. കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇത് ട്രംപിന് വലിയ തിരിച്ചടിയാകും. ഈ ഓര്‍ഡര്‍ റദ്ദാക്കുന്നതിലൂടെ അമേരിക്കയ്‌ക്ക് 360 കോടി ഡോളര്‍(ഏകദേശം 2624 കോടി രൂപ) നഷ്ടമാകും.
നേരത്തെ നല്‍കിയ ഓര്‍ഡര്‍ അനുസരിച്ചുള്ള തുക മാറിയെന്നും ഡോളറിന്റെ മൂല്യശോഷണവും മറ്റും കാരണം 50 ശതമാനം കൂടി തുക അധികമായി നല്‍കിയാലേ ഈ വിമാനങ്ങള്‍ നല്‍കാന്‍ സാധിക്കൂ എന്നും അമേരിക്ക അറിയിച്ചതോടെയാണ് ഈ വിമാനങ്ങള്‍ ഇത്രയും കനത്ത തുകയ്‌ക്ക് ആവശ്യമില്ലെന്ന് ഇന്ത്യ അറിയിച്ചത്. മാത്രമല്ല, വിദേശ വിമാനങ്ങള്‍ വേണ്ടെന്ന് വെച്ച് തദ്ദേശീയമായ ആയുധങ്ങളും വിമാനങ്ങളും യുദ്ധവിമാനങ്ങളും നിര്‍മ്മിക്കുക എന്ന നയം കൂടുതലായി നടപ്പാക്കുകയാണ് ഇന്ത്യ. ഇതും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
സാമൂദ്രിക നിരീക്ഷണത്തിന് സഹായകരമായ വിമാനങ്ങളാണ് പി8ഐ എന്ന വിഭാഗത്തില്‍പ്പെട്ട ബോയിംഗ് വിമാനം. ഇന്ത്യയ്‌ക്ക് മേല്‍ 25 ശതമാനം വ്യാപാരത്തീരുവ അധികമായി ചുമത്തിയതോടെ ഇന്ത്യ അമേരിക്കയുമായുള്ള തന്ത്രപരമായ ഇടപാടുകള്‍ പുനരാലോചിച്ച് വരികയാണ്.
ചൈനയുടെ മുങ്ങിക്കപ്പലുകളുടെയും യുദ്ധവിമാനങ്ങളുടെയും സാന്നിധ്യം ശക്തമാകുന്നതിനെതുടര്‍ന്നാണ് നിരീക്ഷണപറക്കലിനായി പി8ഐ വിഭാഗത്തിലുള്ള ആറ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2021ല്‍ ഇന്ത്യതീരുമാനിച്ചത് അന്ന് 240 കോടി ഡോളറിന് കരാറുറപ്പിച്ചതാണ്. പിന്നീടാണ് ഈയിടെ കരാര്‍ തുക 50 ശതമാനം കൂടി വര്‍ധിപ്പിച്ച് 360 കോടി രൂപയാക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. ഇതോടെയാണ് ഈ കരാര്‍ റദ്ദാക്കിയതായി ഇന്ത്യ പ്രഖ്യാപിച്ചത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്.