ട്രംപ് ഭരണകൂടം വിദേശ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ്ജ്ടൗണിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇമിഗ്രേഷന്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ബുധനാഴ്ച ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. ഒന്നാം ഭേദഗതിയും മറ്റ് ഭരണഘടനാ അവകാശങ്ങളും ലംഘിച്ച് തെറ്റായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചതിന് ട്രംപ് ഭരണകൂടത്തിനെതിരായ ഹര്‍ജിയുടെ ഫലം കാത്തിരിക്കുന്നതിനിടെ ടെക്‌സസില്‍ തടവില്‍ കഴിയുന്ന ബദര്‍ ഖാന്‍ സൂരി വിര്‍ജീനിയയിലെ തന്റെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകും.
ടെക്‌സസിലെ ഒരു ഇമിഗ്രേഷന്‍ കോടതിയില്‍ അദ്ദേഹം നാടുകടത്തല്‍ നടപടികളും നേരിടുന്നു. ട്രംപ് ഭരണകൂടത്തിനെതിരെ സൂരിക്ക് കാര്യമായ ഭരണഘടനാ അവകാശവാദങ്ങളുണ്ടെന്ന് തോന്നിയതിനാല്‍ അദ്ദേഹത്തെ മോചിപ്പിക്കുകയാണെന്ന് അലക്‌സാണ്ട്രിയയിലെ ജില്ലാ ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗൈല്‍സ് പറഞ്ഞു.
സുരിയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സി.സി.ആര്‍ ഗ്രൂപ്പിന് നന്ദിയുണ്ടെന്ന് ഇയാളുടെ ഭാര്യ പറഞ്ഞു. ഫലസ്തീനികള്‍ക്ക് പിന്തുണയറിയിച്ചതിന്റെ പേരില്‍ മാത്രം ഒരാളെ കുടുംബാംഗങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി നല്‍കിയതെന്ന് സുരിക്ക് വേണ്ടി ഇടെപട്ട സി.സി.ആര്‍ പറഞ്ഞു.
നേരത്തെ ഫലസ്തീനെ പിന്തുണച്ച തുര്‍ക്കിയയില്‍ നിന്നുള്ള പി.എച്ച്.ഡി വിദ്യാര്‍ഥിയായ റുമേയസ ഓസ്തുര്‍ക്കിനെയും യു.എസ് ഭരണകൂടം തടവിലാക്കിയിരുന്നു. തുടര്‍ന്ന് കോടതി ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സുരിയുടേയും ഓസ്തുര്‍ക്കിന്റേയും അറസ്റ്റ് യു.എസിലെ അക്കാദമിക സമൂഹത്തിനിടയില്‍ വലിയ ആശങ്ക പടര്‍ത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആശങ്കയാണ് ഉയര്‍ന്നത്.