വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ അടച്ചുപൂട്ടല്‍ 31ാം ദിവസത്തിലേക്ക് നീങ്ങിയതോടെ യു.എസ് വ്യോമഗതാഗത മേഖലയിലാകെ ഗുരുതര പ്രതിസന്ധി. രാജ്യത്തുടനീളം വിമാന സര്‍വീസുകള്‍ വന്‍തോതില്‍ വൈകുകയും നിരവധി സര്‍വീസുകള്‍ റദ്ദാകുകയും ചെയ്തു.
‘ഫ്ലൈറ്റ് അവെയര്‍’ ഡാറ്റ പ്രകാരം, യു.എസ് മുഴുവന്‍ 7,300 വിമാനങ്ങള്‍ വൈകിയതായും 1,250 എണ്ണം റദ്ദാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പ്രകാരം, രാജ്യത്തെ ഏറ്റവും തിരക്കേറിയ 30 വിമാനത്താവളങ്ങളില്‍ 50 ശതമാനത്തോളം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം നേരിടുകയാണ്. ന്യൂയോര്‍ക്കില്‍ മാത്രം 80 ശതമാനം കണ്‍ട്രോളര്‍മാര്‍ തൊഴിലില്‍നിന്ന് പുറത്തായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
സ്റ്റാഫിംഗ് കുറവിനെ തുടര്‍ന്ന് ഓസ്റ്റിന്‍, ന്യൂവാര്‍ക്ക്, നാഷ്വില്ലെ, ഹ്യൂസ്റ്റണ്‍, ഡാളസ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വൈകുകയാണ്. നാഷ്വില്ലില്‍ ശരാശരി 61 മിനിറ്റ്, ഓസ്റ്റിനില്‍ 50 മിനിറ്റ്, ന്യൂവാര്‍ക്കില്‍ 101 മിനിറ്റ് വരെ വൈകിയതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ദിവസങ്ങളിലും വൈകലുകള്‍ വര്‍ധിക്കാമെന്ന് യു.എസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി മുന്നറിയിപ്പ് നല്‍കി.
അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഏകദേശം 13,000 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും 50,000 ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥരും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സ്ഥിതിയാണ്.
വ്യോമയാന സുരക്ഷാ അപകടസാധ്യതകള്‍ വര്‍ധിക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ഡെല്‍റ്റ, യുനൈറ്റഡ്, സൗത്ത് വെസ്റ്റ്, അമേരിക്കന്‍ എയര്‍ലൈന്‍സ് തുടങ്ങിയ പ്രധാന വിമാനക്കമ്പനികള്‍ ഷട്ട്ഡൗണ്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.