• Sun. Nov 9th, 2025

24×7 Live News

Apdin News

ട്രെയിനില്‍ യാത്രക്കാരന്റെ ദേഹത്തേക്ക് തിളച്ചവെള്ളമൊഴിച്ച പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റിലായി

Byadmin

Nov 9, 2025



തൃശൂര്‍: ട്രെയിനിനുള്ളിലെ ഭക്ഷണശാലയിലേക്ക് കുടിവെള്ളം ചോദിച്ചെത്തിയ യാത്രക്കാരന്റെ ദേഹത്തേ ക്ക് തിളച്ചവെള്ളമൊഴിച്ച പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റിലായി. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മുംബയ് സ്വദേശി അഭിഷേക് ബാബു (24)വിന് തിളച്ച വെളളം വീണ് പൊള്ളലേറ്റു. പാന്‍ട്രി കാര്‍ മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഘവേന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുംബയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന നേത്രവതി എക്‌സ്പ്രസിലാണ് കേസിനാധാരമായ സംഭവം.

മുംബയ് സ്വദേശികളായ ഒരു സംഘം യുവാക്കള്‍ തൃപ്രയാറുള്ള തങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. രാത്രി കൈവശം ഉണ്ടായിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ വെള്ളം എടുക്കുന്നതിനായി പാന്‍ട്രി കാറിലേക്ക് എത്തി. 200 രൂപ നോട്ട് നല്‍കിയപ്പോള്‍ പറ്റില്ലെന്നും ചില്ലറയായി 15 രൂപ തന്നെ നല്‍കണമെന്നും പാന്‍ട്രി ജീവനക്കാര്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ജീവനക്കാരും യുവാക്കളും തമ്മില്‍ തര്‍ക്കമായി. ശേഷം അവര്‍ സീറ്റിലേക്ക് മടങ്ങി.എന്നാല്‍ മടങ്ങി വന്ന ശേഷമാണ് കൂട്ടത്തിലൊരാളുടെ കണ്ണടയും തൊപ്പിയും കാണാതായത് മനസിലായത്. അത് പാന്‍ട്രിക്കാറില്‍ വച്ച് മറന്നിട്ടുണ്ടെന്ന് ഇവര്‍ക്ക് മനസിലായി. വീണ്ടും അങ്ങോട്ട് ചെന്നപ്പോള്‍ തരാന്‍ പറ്റില്ലെന്നും വേണമെങ്കില്‍ നാളെ രാവിലെ വരൂ എന്നായിരുന്നു ജീവനക്കാരുടെ മറുപടി.

വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് പാന്‍ട്രിയില്‍ എത്തിയപ്പോള്‍ മാനേജര്‍ തിളച്ച വെള്ളം ബക്കറ്റിലാക്കി യുവാക്കളുടെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു. അഭിഷേക് ബാബുവിന്റെ മുതുകിലും കാലിനും സാരമായ പൊളളലേറ്റു. ഉടന്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയും ട്രെയിന്‍ തൃശൂരിലെത്തുമ്പോള്‍ അതിക്രമം കാട്ടിയ ജീവനക്കാരനെ റെയില്‍വേ പൊലീസ് പിടികൂടുകയുമായിരുന്നു. അതിനുശേഷം യുവാവിന്റെ സുഹൃത്തുക്കളും റെയില്‍വേ പൊലീസും ചേര്‍ന്നാണ് അഭിഷേക് ബാബുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിടിയിലായ പാന്‍ട്രി കാര്‍ മാനേജരെ കോടതി റിമാന്‍ഡ് ചെയ്തു.

 

By admin