കോഴിക്കോട്: ട്രെയിനിൽ വച്ച് 10 വയസ്സുകാരിയോട് ലൈംഗികാതിക്രമം കാണിച്ചയാൾ പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശി നൻഹക്കുവിനെയാണ് (30) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരനാണ് ഇയാൾ.
10 വയസ്സുകാരി കുടുംബത്തോടൊപ്പം ഓഖ- എറണാകുളം എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാനായി പുറത്തേക്ക് ഇറങ്ങി. ഈ സമയമാണ് പ്രതി കുട്ടിയുടെ അടുത്ത് വന്നിരുന്ന് മോശമായി പെരുമാറിയത്.
അമ്മ തിരികെ എത്തിയപ്പോൾ കുട്ടി വിവരം പറയുകയും തുടർന്ന് കോഴിക്കോട് റെയിൽവേ പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ എറണാകുളത്ത് വെച്ച് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.