
അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 8ല്‍ ആദ്യ പരീക്ഷണത്തിനൊരുങ്ങി സൂര്യകുമാര്‍ യാദവും കൂട്ടുകാരും. വൈകീട്ട് ഏഴിന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക ആണ് ഭാരതത്തിന്റെ എതിരാളികള്‍. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് രണ്ടും. അന്ന് വിജയത്തിലേക്ക് നീങ്ങിയ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ അവസാന മൂന്ന് ഓവറുകളില്‍ എറിഞ്ഞുടച്ചാണ് ഭാരത ബൗളിങ് നിര രണ്ടാം ട്വന്റി20 ലോകകപ്പ് ആഘോഷിച്ചത്.
ഇന്ന് വീണ്ടും പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇരു ടീമുകളും വലിയ പിരിമുറുക്കത്തിലാണ്. സൂപ്പര്‍ 8 പോരാട്ടമായതാണ് മത്സരത്തിന്റെ കടുത്ത ഗൗരവത്തിന് കാരണം. തുടക്കം മുതലേ ജീവന്‍ മരണ പോരാട്ടമെന്നോണം പൊരുതികളിക്കേണ്ടത് ഓരോ ടീമിനെ സംബന്ധിച്ചും അനിവാര്യമാണ്. വെറും ജയത്തിനപ്പുറം റണ്‍നിരക്കിന്റെ കാര്യത്തിലും ടീമുകള്‍ ജാഗ്രത പുലര്‍ത്തിയായിരിക്കും കളത്തിലിറങ്ങുക. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ പോരടിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കേ നോക്കൗട്ടില്‍ അവസരം കിട്ടൂ. പോയിന്റ് നിലയില്‍ മുന്നിലെത്താനുള്ള ശ്രമം ഓരോ മത്സരത്തെയും ആവേശഭരിതമാക്കും. അത്തരമൊരു വാശിപ്പോരാട്ടത്തിനായാണ് ക്രിക്കറ്റ് പ്രേമികള്‍ ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്നത്.
ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് എല്ലാ മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഗ്രൂപ്പ് എയിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഭാരതത്തിന്റെ സൂപ്പര്‍ 8 പ്രവേശം. ഇതുവരെ എന്തായിരുന്നുവെന്നതെല്ലാം അപ്രസക്തമാക്കുന്നതാണ് ഇന്നത്തെ ഫലം. കാത്തിരിക്കാം ഇരു ടീമുകളുടെയും പൊടിപാറും പോരാട്ടത്തിനായി.