ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇന്ത്യ ആറു റണ്‍സിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. കളിയുടെ അവസാന ദിവസം നാലുവിക്കറ്റ് ബാക്കിനില്‍ക്കെ 35 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ചുവിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. അറ്റ്കിന്‍സണിനെ പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇരുടീമുകളും രണ്ടുവീതം മത്സരം ജയിച്ചതോടെ പരമ്പര സമനിലയിലായി.
പരിക്കേറ്റ വോക്‌സ് ബാറ്റിങ്ങിന് ഇറങ്ങുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ നിര്‍ണായക സമയത്ത് കൈയില്‍ പ്ലാസ്റ്റര്‍ കെട്ടിവെച്ച് വോക്‌സ് കളിക്കളത്തില്‍ ഇറങ്ങിയത് കാണികളെ ആവേശത്തിലാഴ്ത്തി. എന്നാല്‍ ഒരു പന്ത് പോലും വോക്‌സിന് നേരിടേണ്ടി വന്നില്ല. അതിന് മുന്‍പ് അറ്റ്കിന്‍സണിനെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇന്ത്യയ്ക്ക് വിജയം ഒരുക്കുകയായിരുന്നു.
374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാംദിവസം ആറുവിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സുമായാണ് കളിക്കളം വിട്ടത്. സെഞ്ച്വറി നേടിയ ജോ റൂട്ടും (152 പന്തില്‍ 105), 98 പന്തുകള്‍ നേരിട്ട് 111 റണ്‍സെടുത്ത ഹാരി ബ്രൂക്കും അര്‍ധ സെഞ്ചറി നേടിയ ബെന്‍ ഡക്കറ്റുമാണ്(83 പന്തില്‍ 54) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍മാര്‍.