അന്തരീക്ഷ മലിനീകരണത്തില്‍ തളര്‍ന്ന ഡല്‍ഹിയില്‍ ആശ്വാസത്തിന് വഴിതെളിച്ച് കൃത്രിമ മഴയ്ക്കുള്ള ആദ്യ പരീക്ഷണം നടന്നു. ഐ.ഐ.ടി കാന്‍പൂര്‍ നിയന്ത്രിച്ച സെസ്ന വിമാനമാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഡല്‍ഹി പരിസ്ഥിതി വകുപ്പിന്റെ ഏകോപനത്തിലാണ് പ്രക്രിയ പൂര്‍ത്തിയായത്.
ഖേകഡ മുതല്‍ ബുറാഡി വരെയുള്ള പ്രദേശങ്ങളിലായാണ് ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യ പ്രയോഗിച്ചത്. മേഘങ്ങളിലേക്ക് സില്‍വര്‍ അയഡൈഡ്, സോഡിയം ക്ലോറൈഡ്, ഡ്രൈ ഐസ് എന്നിവ പോലെയുള്ള രാസവസ്തുക്കള്‍ വിതറി ജലകണങ്ങള്‍ രൂപപ്പെടുന്നതാണ് ഈ പ്രക്രിയയുടെ അടിസ്ഥാന തത്വം. വിമാനങ്ങളിലൂടെയോ കരയിലെ യന്ത്രങ്ങളിലൂടെയോ മേഘപാളികളിലേക്ക് രാസപദാര്‍ത്ഥങ്ങള്‍ വിടുന്നത് വഴി മഴ സൃഷ്ടിക്കാനാകും.
കടുത്ത വരള്‍ച്ചയും രൂക്ഷമായ വായു മലിനീകരണവും നിയന്ത്രിക്കാനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നത്. എന്നാല്‍, ആകാശത്ത് ആവശ്യത്തിന് മേഘങ്ങള്‍ ഉണ്ടായിരിക്കുമ്പോഴാണ് ഇത് പ്രാവര്‍ത്തികമാകുക. ഇപ്പോള്‍ ഡല്‍ഹിക്ക് മീതെ മതിയായ മേഘങ്ങളില്ലാത്തതിനാല്‍ മുഴുവന്‍തോതിലുള്ള കൃത്രിമമഴയ്ക്കായി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.
കാലാവസ്ഥാ വകുപ്പ് അറിയിച്ചതനുസരിച്ച്, ഒക്ടോബര്‍ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ആവശ്യത്തിന് മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട് ഈ ദിവസങ്ങളിലായിരിക്കും ഡല്‍ഹിയില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൃത്രിമമഴ പെയ്യുക.
പരീക്ഷണം വിജയകരമായെന്നും തയാറെടുപ്പുകള്‍ പൂര്‍ണ്ണമായെന്നും മുഖ്യമന്ത്രി രേഖാ ഗുപ്ത സമൂഹമാധ്യമമായ എക്‌സ് വഴി അറിയിച്ചു.