• Fri. Sep 25th, 2026

24×7 Live News

Apdin News

ഡല്‍ഹി സൗദി എംബസിയില്‍ ദേശീയ ദിനാഘോഷം; ഹാരിസ് ബീരാന്‍ എം.പി പങ്കെടുത്തു

Byadmin

Sep 25, 2026


ന്യൂഡൽഹി: ഡൽഹിയിലെ സൗദി എംബസിയിൽ നടന്ന സൗദിയുടെ തൊണ്ണൂറ്റി ആറാമത് ദേശീയ ദിനാഘോഷ ചടങ്ങുകളിൽ ഹാരിസ് ബീരാൻ എം.പി വിശിഷ്ട അതിഥിയായി പങ്കെടുത്തു. സൗദി അംബാസിഡർ ഹിസ് എക്സലൻസി ഹൈതം ബിൻ ഹസൻ അൽ മാലികിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന ആഴത്തിലുള്ള നയതന്ത്ര ബന്ധവും സാംസ്കാരിക സഹകരണവും ആഗോളതലത്തിൽ തന്നെ മികച്ചൊരു മാതൃകയാണെന്ന് ചടങ്ങിൽ അംബാസിഡർ വ്യക്തമാക്കി.

ഗൾഫ് മേഖലയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സംഘർഷങ്ങളും ഏറെ ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നതെന്ന് ഹാരിസ് ബീരാൻ എം.പി നിരീക്ഷിച്ചു. കഴിഞ്ഞ കുറച്ചുകാലമായി മേഖലയിലുണ്ടായിട്ടുള്ള അസ്ഥിരാവസ്ഥ പ്രവാസി സമൂഹത്തിനിടയിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്ക ചെറുതല്ലെന്നും, ആഗോള സാമ്പത്തിക-സാംസ്കാരിക രംഗങ്ങളിൽ സൗദി അറേബ്യ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദശലക്ഷക്കണക്കിന് പ്രവാസി സഹോദരങ്ങളുടെ ജീവിതവും പ്രതീക്ഷകളും നിലനിൽക്കുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ എപ്പോഴും സമാധാനവും സുസ്ഥിരതയും നിലനിൽക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ സൗദി അറേബ്യൻ ഭരണകൂടത്തിനും ജനങ്ങൾക്കും എം.പി ദേശീയ ദിനാശംസകൾ നേർന്നു.







By admin