ചെന്നൈ: ഡിഎംകെയെ കടന്നാക്രമിച്ച് നടനും തമിഴക വെട്രി കഴകം മേധാവിയുമായ വിജയ്. ഡിഎംകെ എന്നത് കുടുംബവാഴ്ചയുടെ പാര്‍ട്ടിയാണെന്ന ആരോപണമാണ് നടന്‍ വിജയ് ഉയര്‍ത്തിയത്. ഇതോടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും വലിയ അമ്പരപ്പിലാണ്.
കുടുംബാധിപത്യമില്ലാത്ത ഒരു തമിഴ്നാടാണ് താന്‍ ഉറ്റുനോക്കുന്നതെന്ന വിജയയുടെ പ്രസംഗം ശരിയ്‌ക്കും ഡിഎംകെയെ വെട്ടിലാക്കുന്ന ഒന്നായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ തിരുവാരൂരില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്.
ഡിഎംകെ സര്‍ക്കാര്‍ തിരുവാരൂരിനെ അവഗണിച്ചെന്നും ഇവിടുത്തെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും വിജയ് വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ കുടുംബാധിപത്യം ഇല്ലാതാക്കലാണ് തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ലക്ഷ്യമെന്നും നടന്‍ വിജയ് പറഞ്ഞു. ഇതാദ്യമായാണ് ഡിഎംകെയെയും എം.കെ. സ്റ്റാലിനെയും നടന്‍ വിജയ് കടന്നാക്രമിക്കുന്നത്. കരുണാനിധിയുടെ ജന്മനാടാണ് തിരുവാരൂര്‍. കഴിഞ്ഞ 50 വര്‍ഷക്കാലമായി ഡിഎംകെ ആധിപത്യം പുലര്‍ത്തുന്ന മണ്ഡലമാണ്. അവിടെയാണ് ഡിഎകെയെ വിജയ് വെല്ലുവിളിച്ചത്.
വിജയിന്റെ പൊതുയോഗത്തില്‍ വരുന്നവരൊന്നും വിജയിന് വോട്ട് ചെയ്യില്ലെന്ന വിമര്‍ശനത്തെ വിജയ് പൊതുയോഗത്തില്‍ വെല്ലുവിളിച്ചു. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യില്ലേ എന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തോട് വിജയ് ചോദിച്ചപ്പോള്‍ എല്ലാവരും കയ്യുയര്‍ത്തി “വിജയ്” എന്ന് മുദ്രാവാക്യം മുഴക്കി അവരുടെ പിന്തുണ പ്രകടിപ്പിക്കുകയായിരുന്നു.
ഡിഎംകെയില്‍ കരുണാനിധി കുടുംബത്തിന്റെ വാഴ്ച
ഡിഎംകെ മുഖ്യമന്ത്രിയായ അണ്ണാദുരൈ ക്യാന്‍സര്‍ ബാധിച്ച് മരിച്ചതോടെ കരുണാനിധി 1969ല്‍ ഡിഎംകെയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. അതിന് ശേഷം കരുണാനിധി കുടുംബം തന്നെയാണ് ഡിഎംകെയുടെ തലപ്പത്ത്. ഒരു തരം മക്കള്‍ വാഴ്ചയാണ് അവിടെ അരങ്ങേറിയത്. കരുണാനിധിക്ക് ശേഷം മകന്‍ എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിയായി. ഇപ്പോള്‍ സ്റ്റാലിന്‍ അതുവരെ തമിഴ് സിനിമകളില്‍ അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ അടുത്ത മുഖ്യമന്ത്രിയാക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായി ഉപമുഖ്യമന്ത്രിയാക്കിയിരിക്കുകയാണ്.