• Wed. Jan 1st, 2025

24×7 Live News

Apdin News

ഡിഎംകെ ഭരണത്തിന് ചാട്ടവാറടി

Byadmin

Dec 30, 2024


തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ അവിടത്തെ ഡിഎംകെ സര്‍ക്കാരിനെതിരെ പുതിയൊരു സമരമുഖം തുറന്നിരിക്കുകയാണ്. ചെന്നൈയിലെ അണ്ണാ സര്‍വ്വകലാശാലയില്‍ പത്തൊന്‍പതുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതാണ് ബിജെപി നേതാവിനെ ഇതിന് പ്രേരിപ്പിച്ചത്. ഇരയുടെ അന്തസ്സ് മാനിക്കാതെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ട നീചമായ നടപടിക്കെതിരെയാണ് അണ്ണാമലൈ രംഗത്തുവന്നത്. എം.കെ. സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കുന്നതുവരെ താന്‍ ചെരുപ്പ് ധരിക്കില്ലെന്ന് പ്രഖ്യാപിച്ച അണ്ണാമലൈ, ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിക്കൊപ്പം പോലീസും സര്‍ക്കാരും നില്‍ക്കാത്തതിനെതിരെ കോയമ്പത്തൂരിലെ തന്റെ വസതിക്കു മുന്നില്‍ സ്വന്തം ദേഹത്ത് ചാട്ടവാറടിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ തനിക്കും തന്റെ പാര്‍ട്ടിക്കുമുള്ള കടുത്ത വേദന പ്രകടിപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമര രീതിക്ക് തയ്യാറായത്. ചാട്ടവാറിന്റെ ഭാഷ സര്‍ക്കാരിന് മനസ്സിലാകുമെന്ന് പ്രതീക്ഷിക്കാം. ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയെ തിരിച്ചറിയാവുന്ന എഫ്ഐആര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയ പോലീസ് അവരെ സ്വഭാവഹത്യ നടത്തുന്ന വിധത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ വേലിതന്നെ വിളവ് തിന്നുന്നത് പോലെയാണ് തമിഴ്നാട് പോലീസ് പെരുമാറിയത്. പോലീസിന്റെ അങ്ങേയറ്റം തെറ്റായ ഈ നടപടിയെ സംസ്ഥാന നിയമ മന്ത്രി ന്യായീകരിച്ചതും വലിയ പ്രതിഷേധമാണ് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രതിഷേധത്തിന്റെ മൂര്‍ത്തരൂപമായി മാറിയിരിക്കുകയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ.

ഡിസംബര്‍ മാസം അവസാന ആഴ്ചയാണ് അണ്ണാ സര്‍വ്വകലാശാല ക്യാമ്പസില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായത്. സംഭവത്തെ തുടര്‍ന്ന് ജ്ഞാനശേഖരന്‍ എന്നയാള്‍ അറസ്റ്റിലാവുകയും ചെയ്തു. രാത്രിയില്‍ ക്യാമ്പസില്‍ അതിക്രമിച്ചു കയറിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പീഡനം നടത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച പ്രതി അത് കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഈ ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ബലമായി വാങ്ങിച്ച പ്രതി ആവശ്യപ്പെടുമ്പോഴൊക്കെ തന്റെ ഇംഗിതത്തിന് വഴങ്ങിക്കൊള്ളണമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായി പ്രതിഷേധിക്കുകയും, വിദ്യാര്‍ഥികളുടെ സുരക്ഷയ്‌ക്ക് ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് കോളേജധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നിട്ടാണ് പോലീസ് പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും മൊബൈല്‍ നമ്പറും പീഡനം നടത്തിയ രീതിയുമൊക്കെ പുറത്തുവിട്ടത്. പ്രതി, മുഖ്യമന്ത്രി സ്റ്റാലിന്റെ പാര്‍ട്ടിക്കാരന്‍ ആയതിനാലാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയുള്ള പെരുമാറ്റം ഉണ്ടായതെന്ന് ബിജെപിയും എഐഡിഎംകെയും ആരോപിക്കുകയും പ്രതിഷേധം ശക്തിപ്പെടുത്തുകയും ചെയ്തു. വിവരങ്ങള്‍ പോലീസില്‍ നിന്ന് ചോര്‍ന്നതാണെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ തന്നെ പറഞ്ഞു. ഇതോടെ പ്രതിഷേധം ആളിക്കത്തി. വിവരങ്ങള്‍ ചോര്‍ന്നത് കടുത്ത നിയമലംഘനവും സുപ്രീംകോടതിയുടെ മാര്‍ഗരേഖയ്‌ക്ക് വിരുദ്ധവുമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശിച്ചു. ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിഎംകെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നിരിക്കുന്നതിന് തെളിവാണ് അണ്ണാ സര്‍വ്വകലാശാലയിലെ ഈ സംഭവം. സര്‍വകലാശാലയുടെ ഭരണവും അവതാളത്തിലായി. വൈസ് ചാന്‍സലറുടെ പദവി മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധം രാഷ്‌ട്രീയപ്രേതമാണെന്ന് ആരോപിച്ച് അവഗണിക്കുകയാണ് മുഖ്യമന്ത്രി സ്റ്റാലിനും കൂട്ടാളികളും ചെയ്യുന്നത്. പിടിയിലായ പ്രതി പതിനഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതുപോലൊരാള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ കഴിയുന്നത് പോലീസ് രാഷ്‌ട്രീയപ്രേരീതമായി പെരുമാറുന്നതുകൊണ്ടാണ്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി നിര്‍ണായകമായി ഇടപെടുകയും, സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് വനിതാ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ പെണ്‍കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി നല്‍കണമെന്നും പറഞ്ഞു. എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവും ആണെന്നും തികച്ചും സ്ത്രീവിരുദ്ധമാണെന്നും പറഞ്ഞ കോടതി, എഫ്ഐആര്‍ വായിച്ചിരുന്നോയെന്ന് അഡ്വക്കേറ്റ് ജനറലിനോട് ചോദിക്കുകയും ചെയ്തു.

ഒരര്‍ത്ഥത്തില്‍ ചാട്ടവാറടികള്‍ തന്നെയാണ് കോടതിയില്‍ നിന്നു സര്‍ക്കാരിനേറ്റിരിക്കുന്നത്. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യമാണ് തമിഴ്നാട് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സംഭവം അയല്‍ സംസ്ഥാനത്ത് നടന്നതായി പോലും കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഭാവിക്കുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് സമരപരമ്പരകള്‍ നടത്തുന്നവരുടെ കാപട്യമാണ് ഇവിടെ തെളിയുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധികാരികള്‍ മാത്രമാണ് തങ്ങള്‍ എന്ന വിചാരം മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രിയായ മകനുമില്ല. അധികാരത്തിന്റെ ധാര്‍ഷ്ട്യവും അഴിമതിയും സംസ്‌കാരശൂന്യതയുമാണ് അവരുടെ മുഖമുദ്ര. ഇതിനെതിരായ താക്കീതാണ് ഇപ്പോഴത്തെ പ്രതിഷേധം.



By admin