
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഡിജിറ്റല്‍ അറസ്റ്റിലൂടെ വയോധികനില്‍ നിന്ന് പണം തട്ടാനുളള ശ്രമം ബാങ്ക് മാനേജരുടെ ഇടപെടലില്‍ പരാജയപ്പെട്ടു. മുത്രത്തിക്കര സ്വദേശി 85കാരനില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് പൊളിഞ്ഞത്.
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി 11 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടന്‍ അയക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വയോധികന്‍ പറപ്പൂക്കര സിഎസ്ബി ബാങ്കിലെത്തിയത്.വയോധികന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാനേജര്‍ ആന്‍ മരിയാ ജോസ് കൂടുതല്‍ വിവരം ചോദിച്ചെങ്കിലും വായോധികന്‍ വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് പണം അയയ്‌ക്കാതെ അയച്ചെന്ന് വയോധികനോട് പറഞ്ഞ ശേഷം കാര്യം ചോദിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് സംശയം ബലപ്പെട്ടത്.
അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനായി ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാന്‍ അയച്ചു നല്‍കണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് വയോധികന്‍ ബാങ്കിലെത്തിയത്.
പൊലീസിനെ അറിയിച്ച് തട്ടിപ്പ് കാള്‍ വന്ന നമ്പറിലേക്ക് വിളിച്ചപ്പോള്‍ പെട്ടന്ന് കാള്‍ കട്ടാക്കി തട്ടിപ്പുകാര്‍ മുങ്ങി. വയോധകന് രണ്ട് ഫോണ്‍ നമ്പറുകളില്‍ നിന്ന് മാറിമാറി വീഡിയോ കോളുകള്‍ വന്നിരുന്നു.
നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് വയോധികനെ തിരിച്ചയച്ചത്.