• Sun. Oct 27th, 2024

24×7 Live News

Apdin News

ഡിജിറ്റൽ അറസ്റ്റ് ഇന്ത്യയിലില്ല; ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണം, കോളുകൾ വന്നാൽ പരിഭ്രാന്തരാകരുത്: പ്രധാനമന്ത്രി

Byadmin

Oct 27, 2024


ന്യൂദൽഹി: ഡിജിറ്റൽ അറസ്റ്റ് പോലുള്ള സംവിധാനം ഇന്ത്യയിലില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കൂട്ടം കുബുദ്ധികളുടെ പണിയാണിത്. ഇത് ചെയ്യുന്നവർ സമൂഹത്തിന്റെ ശത്രുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 115ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇത്തരം കോളുകൾ വന്നാൽ സംയമനം പാലിക്കുക. പരിഭ്രാന്തരാകരുത്, തിടുക്കത്തിൽ ഒരു നടപടിയും എടുക്കരുത്, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും നൽകരുത്, സാധ്യമെങ്കിൽ സ്ക്രീൻഷോട്ട് എടുത്തു റിക്കാർഡിംഗ് നടത്തുക. ഒരു ​ഗവൺമെന്റ് ഏജൻസിയും ഫോണിലൂടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയോ വീഡിയോ കോളുകൾ വഴി അന്വേഷണം നടത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ, എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുക.

തട്ടിപ്പാണെന്ന് മനസിലായാൽ നാഷണൽ സൈബർ ഹെൽപ്ലൈൻ 1930 ഡയൽ ചെയ്യുക, cybercrime.gov.in-ൽ റിപ്പോർട്ട് ചെയ്യുക, കുടുംബത്തെയും പോലീസിനെയും അറിയിക്കുക, തെളിവുകൾ സൂക്ഷിക്കുക. ‘നിൽക്കൂ’, ‘ചിന്തിക്കൂ’, ‘നടപടി’ സ്വീകരിക്കൂ, ഈ മൂന്നു ഘട്ടങ്ങൾ നിങ്ങളുടെ ഡിജിറ്റൽ സുരക്ഷയുടെ സംരക്ഷകനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് നേരിടാൻ എല്ലാ അന്വേഷണ ഏജൻസികളും സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഈ ഏജൻസികൾക്കിടയിൽ ഏകോപനം സൃഷ്ടിക്കുന്നതിനായി നാഷണൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചു. ഇത്തരം തട്ടിപ്പിൽ ഉൾപ്പെട്ട ആയിരക്കണക്കിന് വീഡിയോകാൾ ഐഡികൾ ഏജൻസികൾ ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്. ലക്ഷകണക്കിന് സിംകാർഡുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഡിജിറ്റൽ അറസ്റ്റിന്റെ പേരിലുള്ള തട്ടിപ്പുകൾ ഒഴിവാക്കാൻ, ഓരോ പൗരന്റെയും അവബോധം വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള സൈബർതട്ടിപ്പിന് ഇരയാകുന്നവർ ഇതിനെ കുറിച്ച് കഴിയുന്നത്ര ആളുകളോട് പറയണം. ബോധവൽക്കരണത്തിനായി നിങ്ങൾക്ക് #SafeDigitalIndia ഉപയോഗിക്കാം. സൈബർ തട്ടിപ്പിനെതിരെയുള്ള പ്രചരണത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ ഞാൻ സ്കൂളുകളോടും കോളേജുകളോടും ആവശ്യപ്പെടും. സമൂഹത്തിലെ എല്ലാവരുടെയും പ്രയത്നത്തിലൂടെ മാത്രമേ നമുക്ക് ഈ വെല്ലുവിളിയെ നേരിടാൻകഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.



By admin