ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം. ഏറാമല സ്വദേശി ഷഫീക്കിനെതിരെയാണ് വിദ്വേഷ പ്രചാരണം നടത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി.
വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേര്‍ത്ത പിടിഎ പ്രസിഡന്റുമാരുടെ യോഗത്തില്‍ പങ്കെടുത്ത് തിരിച്ചു പോകുന്നതിനിടെയാണ് എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴി തടയുന്നത് ഷഫീക്ക് കണ്ടത്. പിന്നാലെ എംപിക്ക് സംരക്ഷണമൊരുക്കാന്‍ ഷഫീക്ക് തയ്യാറാകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഷഫീക്കിനെതിരെ വിദ്വേഷ പ്രസ്താവനകളാണ് ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ പുറത്തുവിടുന്നത്. ഷഫീക്കിനെ താലിബാനിയെന്നും ഭീകരവാദിയെന്നും ചിത്രീകരിച്ചാണ് വ്യാപക പ്രചാരണം നടക്കുന്നത്. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ലീഗിന്റെ പരാതി.
പള്ളിക്കുനി എം എല്‍ പി സ്‌ക്കൂള്‍ പിടിഎ പ്രസിഡന്റും ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് ശാഖ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമാണ് ഖുര്‍ആന്‍ പണ്ഡിതന്‍ കൂടിയായ ഹാഫിള് ഷഫീഖ്.