ന്യൂദല്‍ഹി: ഡീപ് സ്റ്റേറ്റ് എന്ന അമേരിക്കയിലെ വന്‍അധികാരശക്തി ഇന്ത്യയിലെ .മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറന്തള്ളാന്‍ ടൂള്‍ കിറ്റുകള്‍ തയ്യാറാക്കിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ലക്ഷ്യം സാധിക്കാന്‍ ഉതകുന്ന ചില പ്രചാരണങ്ങള്‍ അവര്‍ ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിലൂടെയും അന്താരാഷ്‌ട്ര മാധ്യമങ്ങളിലൂടെയും അഴിച്ചുവിടുന്നുണ്ടായിരുന്നു. അതിന് ഡീപ് സ്റ്റേറ്റിന്റെ കൂലിപ്പടയാളികളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എൻജിഒകള്‍ ഈ ടൂള്‍ കിറ്റുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എന്തായാലും ആര്‍എസ്എസും ബിജെപിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും 75ാം വയസ്സില്‍ ആരും വിരമിക്കേണ്ടതില്ലെന്ന പ്രസ്താവനയും മോദി സര്‍ക്കാരിന് കരുത്ത് പകരുന്ന ഒന്നാണ്. ഇതോടെ മോദി സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടമാക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട എളുപ്പം സാധ്യമാകില്ലെന്ന സൂചനയുമാണ് സര്‍ സംഘചാലക് ഡീപ് സ്റ്റേറ്റിന് നല്‍കിയിരിക്കുന്നത്.
അതില്‍ ഒരു പ്രചാരണം മോദിയ്‌ക്ക് പകരം അടുത്ത പ്രധാനമന്ത്രിയാര് എന്ന ചോദ്യമുയര്‍ത്തലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് സര്‍സംഘചാലക് ഇത് സംബന്ധിച്ച ഒരു കാര്യം വ്യക്തമാക്കിയതോടെ മോദിയ്‌ക്ക് പകരം ആര് എന്ന ചോദ്യത്തിന്റെ ശിരസ്സ് തന്നെ ഛേദിച്ചിരിക്കുകയാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത്. “75ല്‍ വിരമിക്കണമെന്നൊന്നും ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.അങ്ങിനെ ഒരു പ്രായനിയന്ത്രണവും ബാധകമല്ല.” – സര്‍സംഘചാലകിന്റെ ഈ പ്രഖ്യാപനം ഡീപ് സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വന്‍തിരിച്ചടിയാണ്. ഇനി മോദിക്ക് ശേഷം ആര് എന്ന ചോദ്യമുയര്‍ത്തിക്കൊണ്ടുള്ള പ്രചാരണം അവര്‍ നിര്‍ത്തിവെയ്‌ക്കേണ്ടിവരും. കാരണം ആര്‍എസ്എസില്‍ പ്രായമനുസരിച്ചുള്ള റിട്ടയര്‍മെന്‍റില്ല എന്ന് സര്‍സംഘചാലക് വ്യക്തമാക്കിയിരിക്കുകയാണ്.
മറ്റൊന്ന് ആര്‍എസ്എസും ബിജെപിയും തമ്മില്‍ യാതൊരു അഭിപ്രായഭിന്നതയും ഇല്ലെന്ന സര്‍ സംഘചാലകിന്റെ പ്രഖ്യാപനമാണ്. ഇത് ഡീപ് സ്റ്റേറ്റ് മാധ്യമങ്ങള്‍ക്ക് വന്‍ ആഘാതമാണ്. കാരണം കഴിഞ്ഞ കുറെ നാളായി അവര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ക്ക് കയ്യും കണക്കുമില്ല. ആര്‍എസ്എസും ബിജെപിയും തമ്മില്‍ പല രീതിയിലും അഭിപ്രായഭിന്നതകള്‍ ഉണ്ടെന്നായിരുന്നു ഈ റിപ്പോര്‍ട്ടുകളത്രയും. ഇനി മേലില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനുള്ള സ്കോപ്പ് ഡീപ് സ്റ്റേറ്റ് മാധ്യമങ്ങളായ ബിബിസി, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ഫിനാന്‍ഷ്യല്‍ ടൈംസ്, ദ ഹിന്ദു, ദ ന്യൂസ് മിനിറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് ഇല്ലാതായിരിക്കുന്നു.
മൂന്നാമത് ഹിന്ദുത്വയും സനാതനധര്‍മ്മവും മുസ്ലിങ്ങള്‍ക്കെതിരാണെന്ന ഡീപ് സ്റ്റേറ്റ് മാധ്യമങ്ങളുടെ പ്രചാരണത്തിന്റെയും തല നുള്ളിയിരിക്കുകയാണ് സര്‍സംഘചാലക്. മുസ്ലീങ്ങള്‍ എല്ലാക്കാലത്തും ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ഭാവിയിലും ഭാരതത്തില്‍ ഉണ്ടാകുമെന്നും ആണ് സര്‍സംഘചാലക് വ്യക്തമാക്കിയത്. ഇതോടെ ആര്‍എസ് എസ് മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണത്തിന് തടയിട്ടിരിക്കുകയാണ്.
അതേ സമയം ഭാവിയിലെ വലിയ ഹിന്ദുത്വ പ്രഖ്യാപനമായി മഥുരയും കാശിയും മാറിയേക്കാമെന്ന സൂചനയും സര്‍സംഘചാലക് നല്‍കുന്നു. ഇനി സംഘം അയോധ്യക്ഷേതം പോലുള്ള ഒരു പ്രക്ഷോഭത്തിന് നേരിട്ട് ഇറങ്ങില്ല. അതേ സമയം ആര്‍എസ്എസുകാര്‍ ഇറങ്ങിയാല്‍ തടയില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. അതായത് ഹിന്ദു ഏകീകരണശ്രമങ്ങള്‍ ഭാവിയിലും തുടര്‍ന്നേക്കാമെന്ന സൂചനയാണ് സര്‍സംഘചാലക് നല്‍കിയിരിക്കുന്നത്.
ബിജെപി സര്‍ക്കാര്‍ ജനസംഖ്യാനിയന്ത്രണം കൊണ്ടുവരുമെന്ന മുസ്ലിം സമുദായത്തിന്റെ ഭീതിയെ മാറ്റിക്കളയുന്നതാണ് ജനസംഖ്യാനിയന്ത്രണം ആവശ്യമില്ലെന്ന സര്‍സംഘചാലകിന്റെ പ്രഖ്യാപനം. ഇതോടെ മോദി സര്‍ക്കാര്‍ മുസ്ലിങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കുമെന്ന ഭീതി മാറ്റിക്കളഞ്ഞിരിക്കുകയാണ് സര്‍സംഘചാലക്. ഇതിന് ഒരു കാരണം ചൈന നേരിടുന്ന പ്രതിസന്ധിയാണ്. ജനസംഖ്യനിയന്ത്രണം ശക്തമാക്കിയതോടെ പുതിയ തലമുറ ആവശ്യത്തിന് ഉണ്ടാകാതിരുന്നതിനാല്‍ ചൈന വയസ്സന്മാരുടെ രാജ്യമായി പിന്നീട് മാറുകയായിരുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കാന്‍ കൂഞ്ഞുങ്ങളെ പ്രസവിച്ചുകൂട്ടാന്‍ ചൈന ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുപോലെ ഒരു പ്രതിസന്ധി ഇന്ത്യയ്‌ക്ക് വരരുത് എന്ന ചിന്തയാണ് ജനസംഖ്യാനിയന്ത്രണം വേണ്ടെന്നും ഒരു കുടുംബത്തിന് മൂന്ന് കുട്ടികള്‍ വരെ ആകാമെന്ന പ്രസ്താവന.