ജയ്പൂര്‍/ന്യൂഡല്‍ഹി: കഫ് സിറപ്പുകള്‍ കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. ഡെക്‌സ്ട്രോമെത്തോര്‍ഫാന്‍ അടങ്ങിയ കഫ് സിറപ്പുകളുടെ വില്‍പ്പന നിരോധിച്ചിരിക്കുകയാണ്. കെയ്‌സണ്‍സ് ഫാര്‍മ വിതരണം ചെയ്യുന്ന 19 മരുന്നുകളുടെയും വിതരണം നിരോധിച്ചു.
ഡ്രഗ് കണ്‍ട്രോളര്‍ രാജാറാം ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഭജനലാല്‍ ശര്‍മ്മ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ദോഷകരമായേക്കാവുന്ന മരുന്നുകളില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ വ്യക്തമായി രേഖപ്പെടുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു.
ഇതിനിടെ, രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കുന്നത് പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരവും ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് ശേഷവുമാണ് നല്‍കേണ്ടതെന്ന് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. മരുന്ന് നല്‍കുന്നതിന് മുമ്പ് അതിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ കേന്ദ്ര ഏജന്‍സികള്‍ കഫ് സിറപ്പുകളില്‍ അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി. എന്‍സിഡിസി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ തുടങ്ങിയ ഏജന്‍സികളുടെ സംയുക്ത പരിശോധനയിലാണ് ഈ നിഗമനം.