
മാലേഗാവ്: മഹാരാഷ്‌ട്രയിലെ മാലേഗാവില്‍ ഡെപ്യൂട്ടി മേയര്‍ ഷാന്‍-ഇ-ഹിന്ദ് നിഹാല്‍ അഹമ്മദിന്റെ ഓഫീസ് മുറിയിലെ ചുമരില്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം വച്ചതിനെ വിമര്‍ശിച്ച് ബി ജെ പി. ശിവസേന കോര്‍പറേറ്ററുകളും പ്രതിഷേധിച്ചു.
ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കി, ടിപ്പു സുല്‍ത്താന്റെ ചിത്രം വച്ചത് ദേശീയ വ്യക്തിത്വങ്ങളെ അനാദരിക്കുന്നതിന് തുല്യമാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല സാമൂഹ്യ മാധ്യമത്തില്‍ ചൂണ്ടിക്കാട്ടി.
മലേഗാവ് ഡെപ്യൂട്ടി മേയറായ വനിത ടിപ്പു സുല്‍ത്താന്റെ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ ഛത്രപതി ശിവാജി മഹാരാജ്, മഹാത്മാഗാന്ധി, ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയ ദേശീയ വ്യക്തിത്വങ്ങളുടെ ചിത്രങ്ങള്‍ ഒഴിവാക്കി.ഇത് ഇന്ത്യയുടെ യഥാര്‍ത്ഥ നേതാക്കളെ അപമാനിക്കലാണെന്ന് ഷെഹ്സാദ് പൂനവാല ആരോപിച്ചു.
ബി ആര്‍ അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയാണ് പൊതു പദവിയിലേക്ക് ഉയരാന്‍ ഡെപ്യൂട്ടി മേയര്‍ക്ക് സഹായകമായത്. എന്നാല്‍ ഭരണഘടനയോട് അവര്‍ക്ക് ഒട്ടും ബഹുമാനമില്ലെന്നും ഷെഹ്സാദ് പൂനവാല കൂട്ടിച്ചേര്‍ത്തു. ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുകയും മഹാരാഷ്‌ട്രയെ പച്ച നിറമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്‌ട്രീയ നേട്ടത്തിനായി ഭരണഘടനാ മൂല്യങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മാലേഗാവിലും മഹാരാഷ്‌ട്രയുടെ മറ്റ് ഭാഗങ്ങളിലും ഈ തര്‍ക്കം ചൂടേറിയ പ്രതികരണങ്ങള്‍ ഉണ്ടാക്കി. ശിവസേന കോര്‍പ്പറേറ്റര്‍മാരുടെ പ്രതിഷേധവും ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്റെ എതിര്‍ പ്രസ്താവനകളും ഉണ്ടായി.
സമാജ്വാദി പാര്‍ട്ടി അംഗമാണ് ഡെപ്യൂട്ടി മേയര്‍ ഷാന്‍-ഇ-ഹിന്ദ് നിഹാല്‍ അഹമ്മദ്. ഇന്ത്യന്‍ സെക്കുലര്‍ ലാര്‍ജസ്റ്റ് അസംബ്ലി ഓഫ് മഹാരാഷ്‌ട്ര (ഇസ്ലാം), സമാജ്വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ സഖ്യത്തെ തുടര്‍ന്നാണ് ഇവര്‍ ഡെപ്യൂട്ടി മേയറായത്.മാലേഗാവ് സെക്കുലര്‍ ഫ്രണ്ട് എന്ന പേരില്‍ ഒരുമിച്ച് മത്സരിച്ച ഈ സഖ്യം മാലേഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 84 സീറ്റുകളില്‍ 43 എണ്ണത്തില്‍ വിജയിച്ച് ഭൂരിപക്ഷം നേടി .