
ന്യൂദല്‍ഹി: സംഘത്തിന്റെ ആദര്‍ശത്തെ ആത്മാവായി സ്വീകരിച്ച വ്യക്തിത്വമാണ് ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റേതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് . ഒരര്‍ത്ഥത്തില്‍ സംഘവും ഡോക്ടര്‍ജിയും പര്യായപദങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിതം പഠിക്കേണ്ടതാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഝണ്ഡേവാലയിലെ ആര്‍എസ്എസ് കാര്യാലയമായ കേശവ്കുഞ്ജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ശതക് സിനിമയിലെ ഗാനങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗായകന്‍ സുഖ്വീന്ദര്‍ സിംഗ് ആണ് ഗാനങ്ങള്‍ ആലപിച്ചത്.
പുതിയ രൂപങ്ങളിലേക്ക് പരിണമിക്കുമ്പോള്‍ സംഘം മാറുകയാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ സംഘം മാറുകയല്ല, ക്രമേണ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഒരു വിത്ത് വൃക്ഷമായി മാറുന്ന പ്രക്രിയയാണിത്.
ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ മനഃശാസ്ത്രം ഗവേഷണത്തിനും പഠനത്തിനും വിഷയമാകണം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരേ ദിവസം, ഒരു മണിക്കൂര്‍ വ്യത്യാസത്തിലാണ് വിടവാങ്ങിയത്. അന്ന് അദ്ദേഹത്തിന് 11 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പ്രായത്തില്‍ ഇത്ര വലിയ ആഘാതം ഏല്‍ക്കേണ്ടി വരുന്ന ഒരു വ്യക്തി വിഷാദത്തിലാകുന്നത് സാധാരണമാണ്. എന്നാല്‍ ഡോ. ഹെഡ്ഗേവാറിന്റെ മനസ് അതിനെ അതിജീവിച്ചു. അത് അദ്ദേഹത്തിന്റെ സ്വഭാവത്തെയോ വ്യക്തിത്വത്തെയോ പ്രതികൂലമായി ബാധിച്ചില്ല. ഡോ. ഹെഡ്ഗേവാറിലെ ദേശഭക്തി അദ്ദേഹത്തിന് മനശക്തി പകര്‍ന്നു. എത്ര വലിയ ആഘാതങ്ങളെയും ഉള്‍ക്കൊള്ളാനും മനസിനെ ഏകാഗ്രമാക്കാനുമുള്ള കരുത്ത് ഡോക്ടര്‍ജിക്കുണ്ടായിരുന്നുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
വീര്‍ കപൂര്‍ നിര്‍മ്മിച്ച് ആശിഷ് മാല്‍ സംവിധാനം ചെയ്ത ‘100 ഇയേഴ്സ് ഓഫ് രാഷ്‌ട്രീയ സ്വയംസേവക് സംഘ് – ശതക്’ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് പ്രകാശനം ചെയ്തത്. അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് (ഭയ്യാജി) ജോഷിയും പരിപാടിയില്‍ പങ്കെടുത്തു.