തിരുവനന്തപുരം: പാലക്കാട് ഒന്‍പതു വയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടമാര്‍ക്കെതിരെ എടുത്ത നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ രംഗത്തെത്തി. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യമേഖല നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാനും അതിനെതിരെ ഉണ്ടാകാന്‍ ഇടയുള്ള പൊതുജന വികാരം തടയാനുമാണ് ഡോക്ടര്‍മാരെ ബലിയാടാക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി.
ചികിത്സയില്‍ സംഭവിക്കാവുന്ന അപൂര്‍വമായ സങ്കീര്‍ണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടര്‍മാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്ന് സംഘടന വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് പോലെ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടുള്ളതായി ഒരു രേഖയും ലഭ്യമല്ല. മാത്രവുമല്ല അസ്ഥിരോഗ ചികിത്സയില്‍ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോകോള്‍ ആരോഗ്യവകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടുമില്ല.
ഏറെ പരിമിതമായ സാഹചര്യങ്ങളില്‍ സാധ്യമാവുന്നതില്‍ ഏറ്റവും മികച്ച സേവനം നല്‍കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന സമീപനം അവരെ പ്രതിരോധാത്മക ചികിത്സയിലേക്കു തള്ളിവിടാന്‍ മാത്രമേ ഉപകരിക്കൂ. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ എടുത്തുചാടിയുള്ള അച്ചടക്ക നടപടിയില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നും സമഗ്രവും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കി യാഥാര്‍ഥ്യം കണ്ടെത്താന്‍ ശ്രമിക്കണമെന്നും പ്രസിഡണ്ട് ഡോ. പി.കെ.സുനില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോബിന്‍ ജി. ജോസഫ് എന്നിവര്‍ അറിയിച്ചു.
കളിക്കുന്നതിനിടെ വീണു പരുക്കേറ്റതിനെത്തുടര്‍ന്നു പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നു പ്ലാസ്റ്ററിട്ട നാലാം ക്ലാസുകാരിയുടെ കൈ പഴുപ്പു വ്യാപിച്ചതോടെയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയില്‍ ചികിത്സപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് പ്രസീത ദമ്പതികളുടെ മകളാണ് വിനോദിനി. പഴുപ്പ് വ്യാപിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് കൈ മുറിച്ചു മാറ്റിയത്.