• Thu. Oct 9th, 2025

24×7 Live News

Apdin News

ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് – Chandrika Daily

Byadmin

Oct 9, 2025


താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം. അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിക്കും. ജോലി സുരക്ഷയ്ക്കായി സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നും ആയുധങ്ങളുമായി ആര്‍ക്കും ആശുപത്രിയില്‍ എത്താവുന്ന സ്ഥിതിയാണുള്ളതെന്നും കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിനാണ് വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടേറ്റത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ആക്രമിച്ച സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. സനൂപിന്റെ മകള്‍മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് ഓഗസ്റ്റിലായിരുന്നു.

തലക്ക് ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ കൃത്യമായ പരിചരണം നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. ആരോഗ്യവകുപ്പും കൃത്യമായ മറുപടി നല്‍കിയില്ലെന്നും ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണത്തിനുപോലും വകുപ്പ് തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.

വടിവാള്‍ ഉപയോഗിച്ച് ഡോക്ടറുടെ തലയ്ക്ക് വെട്ടിയതോടെ മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയില്‍ ഉണ്ടായിരുന്നവരും സനൂപിനെ തടയുകയായിരുന്നു. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.



By admin