ന്യൂദല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെട്ടാണ് വിവരങ്ങള്‍ കൈമാറിയത്. വിവരങ്ങള്‍ അറിയിച്ചതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനോട് നന്ദി പറഞ്ഞു.
യുക്രൈനിലെ സംഘര്‍ഷം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാവൂ എന്ന ഇന്ത്യയുടെ വ്യക്തവും സ്ഥിരവുമായ നിലപാട് നരേന്ദ്രമോദി അടിവരയിട്ടു. നയതന്ത്രത്തെയും ചര്‍ച്ചയെയുമാണ് ഇന്ത്യ പിന്തുണക്കുന്നത്.
പുട്ടിനുമായുള്ള സംഭാഷണം സംബന്ധിച്ച് നരേന്ദ്ര മോദി പിന്നീട് എക്‌സില്‍ പോസ്റ്റ് ചെയ്തു. അലാസ്‌കയില്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന് സുഹൃത്ത് പുടിന് നന്ദി . യുക്രൈന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിനായി ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്യുകയും ഇക്കാര്യത്തില്‍ എല്ലാ ശ്രമങ്ങളെയും പിന്തുണയ്‌ക്കുകയും ചെയ്തിട്ടുണ്ടെന്നും മോദി കുറിച്ചു.
റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുതിന് ഇന്ത്യക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പിഴയും ചര്‍ച്ച ചെയ്‌തെന്ന് സൂചനയുണ്ട്.