
ന്യൂദല്‍ഹി: യുഎസുമായുള്ള വ്യാപാര കരാറിനായി ഡൊണാള്‍ഡ് ട്രംപിന്റെ ഭരണ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് കഴിഞ്ഞ സെപ്തംബറില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
ട്രംപോ അദ്ദേഹത്തിന്റെ ഉന്നത സഹായികളോ ഇന്ത്യയെ ഭീഷണിപ്പെടുത്തില്ലെന്നും അന്ന് പറഞ്ഞതായി ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കാലങ്ങളില്‍ സമാനമായ യുഎസ് ഭരണകൂടങ്ങളെ ഇന്ത്യ നേരിട്ടിട്ടുള്ളതാണ്. അക്കാരണം കൊണ്ടുതന്നെ ട്രംപിന്റെ കാലാവധി കഴിയും വരെ കാത്തിരിക്കാന്‍ മോദിസര്‍ക്കാര്‍ തയ്യാറാണ്. ട്രംപും അനുചരന്‍മാരും ഇന്ത്യക്കെതിരായ വിമര്‍ശനം നിറുത്തുകയും നല്ല ബന്ധം പുനഃസ്ഥാപിക്കുകയും വേണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അന്ന് ഡോവല്‍ റൂബിയോയോട് വ്യക്തമാക്കിയിരുന്നു.