• Wed. Aug 27th, 2025

24×7 Live News

Apdin News

ഡോ. ബിജുവിന്റെ ‘പപ്പ ബുക്ക’ ഓസ്‌കാറിലേക്ക്; പപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി

Byadmin

Aug 27, 2025



കൊച്ചി: സംവിധായകന്‍ ഡോ. ബിജുവിന്റെ ‘പപ്പ ബുക്ക’ 2026ലെ മികച്ച അന്താരാഷ്ട് സിനിമാ വിഭാഗത്തില്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തു. പപ്പുവ ന്യൂ ഗിനിയയുടെ ഓസ്‌കാര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. ഓസ്‌കാറിനായി ആദ്യമായാണ് പപ്പുവ ന്യൂ ഗിനിയ ഒരു സിനിമ സമര്‍പ്പിക്കുന്നത്.

പപ്പുവ ന്യൂഗിനിയയുടെ ടൂറിസം ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ മിനിസ്റ്റര്‍ ബെല്‍ഡണ്‍ നോര്‍മന്‍ നമഹ്, പപ്പുവ ന്യൂ ഗിനിയ നാഷണല്‍ കള്‍ച്ചറല്‍ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട, പപ്പുവ ന്യൂ ഗിനിയ ഓസ്‌കാര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡോണ്‍ നൈല്‍സ് എന്നിവര്‍ ആഗസ്റ്റ് 27ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പപ്പുവ ന്യൂ ഗിനിയ – ഇന്ത്യ കോ പ്രൊഡക്ഷന്‍ സിനിമയാണ് പപ്പ ബുക്ക എന്ന പ്രത്യേകതയും ഉണ്ട്. ചിത്രം പപ്പുവ ന്യൂ ഗിനിയയിലാണ് പൂര്‍ണമായും ചിത്രീകരിച്ചത്. പപ്പുവ ന്യൂ ഗിനിയന്‍ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളും ചിത്രത്തിലുണ്ട്. പപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫ യുടെ ബാനറില്‍ നോലെന തൗലാ വുനം ഇന്ത്യന്‍ നിര്‍മാതാക്കള്‍ ആയ അക്ഷയ് കുമാര്‍ പരിജ, പാ രഞ്ജിത്ത്, പ്രകാശ് ബാരെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് പപ്പുവ ന്യൂ ഗിനിയയിലെ ട്രൈബല്‍ വിഭാഗത്തില്‍ നിന്നുമുള്ള സിനെ ബൊബോറൊ ആണ്. അദ്ദേഹത്തോടൊപ്പം പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി, മലയാളി നടന്‍ പ്രകാശ് ബാരെ എന്നിവരും ചിത്രത്തിലുണ്ട്. ഓസ്‌കാറില്‍ ഔദ്യോഗികമായി പപ്പുവ ന്യൂ ഗിനിയയെ പ്രതിനിധീകരിച്ച് സിനിമ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷം ഉണ്ടെന്നും ഒരു സംവിധായകന് ലഭിക്കുന്ന അപൂര്‍വമായ ബഹുമതി ആയി ഇത് കാണുന്നു എന്നുമാണ് ഡോ. ബിജു ഓസ്‌കാര്‍ എന്‍ട്രിയെ കുറിച്ച് പ്രതികരിച്ചത്.

By admin