• Sat. Aug 2nd, 2025

24×7 Live News

Apdin News

ഡോ. ഹാരീസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടീസ് ; നേരത്തേ അറിയിച്ചില്ലെന്ന സര്‍ക്കാര്‍വാദം പൊളിച്ച് കത്ത് പുറത്ത്

Byadmin

Aug 1, 2025


തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന സര്‍ക്കാര്‍ വാദം പൊളിച്ച് മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ ഹാരീസ് ചിറക്കല്‍. ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് നല്‍കിയ കത്ത് പുറത്തുവന്നു. മാര്‍ച്ചിലും ജൂണിലുമാണ് കത്ത് നല്‍കിയിരിക്കുന്നത്. ഒരു രോഗിയുടെ ജീവന്‍ രക്ഷാ ഉപകരണമാണ് താന്‍ ആവശ്യപ്പെട്ടത്. അതിന് അടിയന്തിരമായ നടപടികളാണ് വേണ്ടതെന്നും ആശുപത്രി യൂറോളജി വിഭാഗം മേധാവി ആവശ്യപ്പെട്ടു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ രീതിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന വെളിപ്പെടുത്തലില്‍ ഡോ. ഹാരിസ് ചിറക്കലിന് ഇന്നലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. വെളിപ്പെടുത്തലിന് ഇടയാക്കിയ സാഹചര്യം വ്യക്തമാക്കണമെന്ന് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഹാരിസ് ചിറക്കല്‍ ശ്രമിച്ചതായും സൂചിപ്പിക്കുന്നുണ്ട്.

എന്നാല്‍ കത്ത് നല്‍കിയിട്ടും ഉപകരണങ്ങള്‍ കിട്ടിയിരുന്നില്ലെന്നും കത്തടിക്കാനുള്ള പേപ്പര്‍ വരെ താന്‍ പൈസ കൊടുത്താണ് വാങ്ങിക്കുന്നത്. പ്രിന്റ് എടുക്കാനുള്ള സംവിധാനം പോലും മെഡിക്കല്‍ കോളേജിലില്ല. അത്രയും ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ വൈകാരികമായിട്ടായിരുന്നു പ്രതികരണം. ഒരു പൗരന്റെ ജീവനെ സാമ്പത്തികപ്രതിസന്ധി ബാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിദഗ്ധസമിതി എന്ത് റിപ്പോര്‍ട്ട് ആണ് നല്‍കിയതെന്ന് അറിയില്ലെന്നും അതിന്റെ പകര്‍പ്പ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

ഹാരിസ് ചട്ടലംഘനം നടത്തിയതായി നാലംഗ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിഎംഇയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ആ കമ്മിറ്റിയില്‍ ഉള്ള നാലുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. എന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല അവര്‍. ഏത് ഘട്ടത്തിലാണ് എന്നെപ്പറ്റി മോശമായി എഴുതാന്‍ അവര്‍ നിര്‍ബന്ധിതരായത് എന്ന് തനിക്കറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

By admin