ജനീവ: ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമഹാവിഹാര സമുച്ചയങ്ങളിലൊന്നും വേദകാല ചരിത്രസ്മാരകവുമായ തക്ഷശിലയിലെ “സംരക്ഷണ പ്രവർത്തനങ്ങളെ” ചൊല്ലി ഐക്യരാഷ്‌ട്രസഭയുടെ സാംസ്കാരിക വിഭാഗമായ യുനെസ്കോ (Unesco) പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. പുരാവസ്തു സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായി യുനെസ്കോ അന്താരാഷ്‌ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള തത്വങ്ങളെ ലംഘിച്ചുകൊണ്ട്, പാകിസ്താന്റെ പുരാവസ്തു-മ്യൂസിയം വകുപ്പ് സംരക്ഷണത്തിന്റെ പേരിൽ സിമന്റും ആധുനിക നിർമ്മാണ സാമഗ്രികളും ഉപയോഗിച്ചു എന്നാണ് ആക്ഷേപം.
ലോക പൈതൃക പട്ടികയിലുള്ള ഈ ചരിത്രഭൂമിയുടെ ചില ഭാഗങ്ങളിൽ അടുത്തിടെ നടത്തിയ ഇടപെടലുകൾ അതിന്റെ തനിമയെയും അഖണ്ഡതയെയും ദോഷകരമായി ബാധിച്ചുവെന്ന് യുനെസ്കോ ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകിയതായി പാകിസ്താൻ മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്യുന്നു. അടിയന്തരമായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തക്ഷശിലയെ ‘അപകടത്തിലായ ലോക പൈതൃക സ്ഥലങ്ങളുടെ’ പട്ടികയിലേക്ക് മാറ്റുമെന്നാണ് യുനെസ്കോയുടെ താക്കീത്. സിന്ധുനദീതട നാഗരികതയെയും ഇസ്ലാമിന് മുൻപുള്ള ചരിത്രത്തെയും സ്വന്തമെന്ന് സ്ഥാപിച്ചെടുക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളുടെ ഭാഗമായി ടൂറിസം കാമ്പെയ്‌നുകളിലൂടെയും മ്യൂസിയം പ്രോജക്റ്റുകളിലൂടെയും തക്ഷശിലയെ അവർ വലിയ രീതിയിൽ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യകാലത്തെ വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായിരുന്ന തക്ഷശിലയിൽ ഒരു ബുദ്ധമഹാവിഹാരവും നിലനിന്നിരുന്നു. അക്കീമെനിഡ്, മൗര്യ, ഇൻഡോ-ഗ്രീക്ക്, കുശാന കാലഘട്ടങ്ങളിലെ പുരാവസ്തു അവശിഷ്ടങ്ങൾ കാത്തുസൂക്ഷിക്കുന്ന ഈ പ്രദേശം വൈദിക, ബുദ്ധ, ഗ്രീക്ക്-ബുദ്ധ പൈതൃകങ്ങളുടെ സമ്പന്നമായ അടയാളമാണ്.